KeralaNEWS

2018ലെ മഹാപ്രളയത്തിന്‍റെ സ്മരണയുമായി സ്വാതന്ത്ര്യദിനം 

റാന്നി:അഞ്ചു വര്‍ഷം മുൻപ് കേരളത്തെ മുക്കിയ മഹാപ്രളയത്തിന്‍റെ തുടക്കം ഓഗസ്റ്റ് 14ന് അര്‍ധരാത്രിയോടെയാണ്.അക്കൊല്ലത്തെ കാലവര്‍ഷവും ഓഗസ്റ്റ് ആദ്യം മുതല്‍ക്കേ ലഭിച്ച മഴയും ശക്തമായിരുന്നതിനാല്‍ കേരളത്തിലെ നദികളും സംഭരണികളുമെല്ലാം നിറഞ്ഞു കിടക്കുകയായിരുന്നു. ഇതിനൊപ്പം 14 മുതല്‍ ലഭിച്ച അതിശക്തമായ മഴ സ്ഥിതിഗതികള്‍ മാറ്റിമറിച്ചു.

കുത്തിയൊഴുകിയ വെള്ളവും ഇതിനൊപ്പമുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമെല്ലാം കൂടി കേരളത്തെ മഹാപ്രളയത്തിലേക്കു നയിക്കുന്നതായി. 2019ലും ഏതാണ്ട് സമാനമായ സാഹചര്യം കേരളത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ടായി. 2020, 2021, 2022 വര്‍ഷങ്ങളിലും കാലവര്‍ഷം കേരളത്തില്‍ ശക്തമായിരുന്നു. എന്നാല്‍ ഇക്കുറി മഴക്കുറവിന്‍റെ കണക്കുകളാണ് കര്‍ക്കടക മാസാവസാനത്തില്‍ പോലും ലഭിക്കുന്നത്.

സംസ്ഥാനത്ത് ഒരു ജില്ലയിലും ഇക്കുറി സാധാരണ മഴ ലഭിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 43 ശതമാനം മഴയുടെ കുറവാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകളിലുള്ളത്.

Signature-ad

1541.9 മില്ലിമീറ്റര്‍ മഴയാണ് ഇക്കാലയളവില്‍ ലഭിക്കേണ്ടിയിരുന്നത്. കിട്ടിയത് 877.1 മില്ലീ മീറ്റര്‍ മഴയും. സംസ്ഥാനത്ത് ഏറ്റവുമധികം മഴ കുറഞ്ഞത് ഇടുക്കി ജില്ലയിലാണ്. 59 ശതമാനം മഴയുടെ കുറവാണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.പ്രതീക്ഷിച്ച മഴയില്‍ ഏറെക്കുറെ അടുത്തു ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 26 ശതമാനം മഴക്കുറവ് മാത്രമാണ് പത്തനംതിട്ടയിലുള്ളത്. 1136.4 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 845.6 മില്ലീ മീറ്റര്‍ മഴ പെയ്തു.

മഹാപ്രളയത്തിൻ്റെ ഞെട്ടിക്കുന്ന ഓർമയിൽ നിന്ന്​ ഇനിയും മുക്തമാകാതെ റാന്നി
 സംസ്ഥാനം കണ്ട ഏറ്റവും വലിയ ജലപ്രളയം റാന്നിയെ വിഴുങ്ങിയിട്ട് അഞ്ച് വർഷം.കാലവര്‍ഷം കലിതുള്ളിയ ദിനത്തിന്‍റെ നടുക്കുന്ന ഓർമയിൽ നിന്നും ഇനിയും മുക്തമായിട്ടില്ല റാന്നിയിലെ വ്യാപാരികളും ജനങ്ങളും.ഒരിക്കലും മറക്കാനാവാത്ത നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ബാക്കിയാക്കിി  പമ്പ ഇന്ന് ശാന്തമായൊഴുകുന്നു.അപ്പോഴും
സേനയും,കുട്ട വഞ്ചികളും, ക്യാമ്പും, ജനങ്ങളുടെ  ഓർമ്മയിൽ നിന്ന് അകലുന്നില്ല.
അഞ്ച് വർഷങ്ങൾക്ക് മുൻപ് ആഗസ്റ്റ് 15 നായിരുന്നു റാന്നിയിലെ ആദ്യ പ്രളയമെങ്കിൽ അതിന്റെ അടുത്ത വർഷം ആഗസ്റ്റ് പതിനാറിനായിരുന്നു പ്രളയം.കലിതുള്ളിയെത്തിയ പമ്പ താഴ്ന്ന പ്രദേശങ്ങളെല്ലാം
വെള്ളത്തിലാക്കി മുച്ചൂടും മുടിച്ചുകൊണ്ട് പടിഞ്ഞാറേക്ക് ഒഴുകി  കായലിലും കടലിലും പോയി ചേർന്ന് ചെയ്ത പാപത്തിൽ നിന്നെന്നവണ്ണം മോക്ഷപ്രാപ്തി നേടി.
2018 ആഗസ്റ്റ് 14-ന് രാത്രിയിൽ പിറ്റേന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സ്വപ്നം കണ്ടുകിടന്നുറങ്ങിയ ജനങ്ങൾ നേരം പുലർന്ന് ഉണരുന്നത് കഴുത്തറ്റം വെള്ളത്തിൽ!. അതിന്റെ അടുത്ത വർഷം ഓർമ്മതെറ്റുപോലെ റാന്നിയെ പ്രളയം വിഴുങ്ങിയത് ആഗസ്റ്റ് 16-നും.
പ്രളയദുരിതങ്ങൾ തുടർക്കഥയായ റാന്നിയിലെ സാധാരണക്കാരും വ്യാപാരികളും ഇനിയും ഇതിൽനിന്നും  മോചനം നേടിയിട്ടില്ല.അതിന് പിന്നാലെയായിരുന്നു കോവിഡ് ദുരിതങ്ങൾ.കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആദ്യ കേസ് (ഇത് ഇന്ത്യയിലെ ആദ്യത്തേതും കൂടിയാണ്) 2020 ജനുവരി 30-ന് തൃശൂരിൽ സ്ഥിരീകരിച്ചതിനു പിന്നാലെ അടുത്ത കേസ് റാന്നിയിലായിരുന്നു-ഇറ്റലിയിൽ നിന്നും
അപ്പോൾമാത്രം നാട്ടിലെത്തിയ വൃദ്ധ ദമ്പതികൾക്ക്.
പീന്നീട് ഇങ്ങോട്ട് അതിജീവനത്തിന്റെ നാളുകളായിരുന്നെങ്കിലും  ഇനിയും പൂർണമായി കരകയറാൻ റാന്നിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നത് ചരിത്രം.

Back to top button
error: