KeralaNEWS

ഉമ്മൻചാണ്ടിയെ സിപിഎം ഇപ്പോഴും വേട്ടയാടുന്നു: കെ.സി. വേണുഗോപാൽ

കോട്ടയം: ജീവിച്ചിരിക്കുമ്പോഴുള്ള ഉമ്മൻചാണ്ടിയെ സിപിഎം വേട്ടയാടിയതുപോലെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടി രാഷ്ട്രീയ രംഗത്ത് ഉത്തരം കിട്ടാത്ത സമസ്യയാണ്. കേരളം ഉമ്മൻ ചാണ്ടിക്ക് വിട നൽകിയത് സമാനതകളില്ലാത്ത കാഴ്ചയായിരുന്നു. അദ്ദേഹത്തെ അവസാനമായി കാണേണ്ടത് തന്റെ കടമയാണെന്ന് ഓരോ കേരളീയനും കരുതി. ഇരട്ട ചങ്കോ 54 ഇഞ്ചിന്റെ കരുത്തോ അല്ല വേണ്ടത് ജനഹൃദയങ്ങളിൽ ജീവിക്കുന്നതിന്റെ കരുത്താണ് വേണ്ടതെന്ന് ഉമ്മൻ ചാണ്ടിയുടെ ജീവിതം കാട്ടിത്തന്നു. സ്മാർട്ട് സിറ്റിയും, കൊച്ചി മെട്രോയും, വിഴിഞ്ഞം തുറമുഖവും എല്ലാം ഉമ്മൻചാണ്ടിയുടെ വികസനങ്ങളാണ്. തുടർ ഭരണം കിട്ടിയപ്പോൾ കേരളത്തെ മെച്ചപ്പെടുത്താനല്ല മറിച്ച് സ്വന്തം കുടുംബത്തെ മെച്ചപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിച്ചതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

Signature-ad

മണിപ്പൂരിൽ നടക്കുന്നത് കേന്ദ്രസർക്കാരിന്റെ കലാപമാണ്. അവിടുത്തെ ജനതയെ രണ്ടായി കേന്ദ്രസർക്കാർ വിഭജിച്ചു. മണിപ്പൂരിലെ ഇരു വിഭാഗങ്ങളും രക്ഷകനായി കാണുന്നത് രാഹുൽ ഗാന്ധിയെയാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ ആണ്. സംസ്ഥാനത്തും കേന്ദ്രത്തിന് സമാനമായി മാധ്യമ വേട്ട നടക്കുന്നു. വിമർശിക്കുന്നവരെ നിശബ്ദരാക്കുന്ന സമീപനമാണ് സർക്കാർ പിന്തുടരുന്നത്. ഭാരത് ജോഡോ യാത്രയിൽ നഗ്നപാദനായി നടന്ന ചാണ്ടി ഉമ്മന് അതിലും വലിയ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: