കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടത്തിൽനിന്ന് സി.പി.എം ഒളിച്ചോടുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ഭരണത്തകർച്ച ഉൾപ്പടെയുളള രാഷ്ട്രീയമായ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. സംസ്ഥാനം ഇതുവരെ കണ്ട ഏറ്റവും ജനദ്രോഹ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. വിലക്കയറ്റം, ക്ഷേമപെൻഷൻ മുടങ്ങിയത്, അരോഗ്യരംഗത്തിന്റെ തകർച്ച, അഴിമതി, ക്രമസമാധാന തകർച്ച, കാർഷിക വിളകളുടെ വിലയിടിവ് തുടങ്ങി സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ശമ്പളം എന്ന് നൽകാൻ പറ്റും എന്ന് പോലും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കെ.എസ്.ആർ.ടി.സി നിലനിൽക്കുമെന്നതിന് സൂചന പോലുമില്ല. സർക്കാരിന്റെ ചാട്ടവാറടി കിട്ടാത്തവരായി നാട്ടിൽ ആരുമില്ല. ക്രമസമാധാനം ഇത്രയേറെ തകർന്ന കാലഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മിനിമം വിലയ്ക്ക് നൽകുമെന്ന പറഞ്ഞ അവശ്യസാധനങ്ങൾ ഒന്നും നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല. വെള്ളക്കാർഡുകാർക്കുള്ള പത്ത് കിലോ അരി പോലും നിർത്തലാക്കി. സർക്കാർ വന്നതിന് ശേഷം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം താങ്ങാൻ പറ്റാത്ത സാഹചര്യമാണ്. ഇൗ സർക്കാരിന്റെ ഭരണം കൊണ്ട് പൊറുതിമുട്ടിയ ജനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പായതോടെയാണ് വിടപറഞ്ഞിട്ടും ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ച് സി.പി.എം രംഗത്തിറങ്ങിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി ആരായിരുന്നുവെന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. അത് ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിൽ സി പി എമ്മിനും ബോധ്യമുണ്ടായിട്ടുണ്ട്. ജീവിച്ചിരിക്കേ ഉമ്മൻ ചാണ്ടിയുടെ യശസ് ഇല്ലാതാക്കാനാനുളള ശ്രമമാണ് സി.പി എം. നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഉണ്ടായിരുന്നതിനാൽ മാത്രമാണ് സി.പി.എം കെട്ടിച്ചമച്ച കള്ളകഥകളിൽ നിന്നും ഉമ്മൻ ചാണ്ടി രക്ഷപെട്ടത്. ഉമ്മൻ ചാണ്ടിയോട് സി.പി.എം ചെയ്ത ദ്രോഹം പുതുപ്പള്ളിക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. 53 വർഷത്തെ സാന്നിധ്യമായി ഉണ്ടായിരുന്ന ആളുടെ അഭാവത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സ്മരണ ജനങ്ങൾക്കിടയിൽ ഉണ്ടാകും. വികസനം ചവിട്ടി മുക്കിയ ശേഷം ഒന്നും നടക്കുന്നില്ലെന്ന് വിളിച്ചു പറയുകയാണ് സി.പി.എം ചെയ്യുന്നത്. ഉദ്യോഗസ്ഥരെ ആയുധമാക്കി ഓരോ മണ്ഡലത്തിലെയും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിക്കുകയാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. ഇതെല്ലാം കാണുന്ന ജനങ്ങൾ മറുപടി നൽകുമെന്ന അങ്കലാപ്പാണ് സി.പി.എമ്മിനുളളത്. പുതുപ്പള്ളിയിലെ വികസനം ചർച്ച ചെയ്യാൻ യു.ഡി.എഫ്. ഒരുക്കമാണ്. അതോടൊപ്പം പുതുപ്പള്ളിയിൽ കഴിഞ്ഞ എട്ടു വർഷമായി ഇടതുസർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന പദ്ധതികളെപ്പറ്റിയുളള ചർച്ചയും നടക്കണം. സി.പി.എം. എത്ര കള്ളങ്ങൾ പ്രചരിപ്പിച്ചാലും യു ഡിഎഫ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.