മലപ്പുറം: ജില്ലയില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. നാലു പേരുടെ വീടുകളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. നാലിടത്തും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.
വേങ്ങര, തിരൂര്‍, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലായി തുടരുന്ന പരിശോധന പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ലഭിക്കുന്ന വിവരം.
വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ ,രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
പരിശോധന ആരംഭിച്ച ശേഷമാണ് വിവരം എന്‍ഐഎ ലോക്കല്‍ പോലീസിനെ അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാജ്യവ്യാപകമായി പല സംസ്ഥാനങ്ങളിലും റെയ്ഡ് നടക്കുന്നതായാണ് സൂചന. കേരളത്തില്‍ മലപ്പുറത്തെ നാലിടങ്ങള്‍ക്കൊപ്പം പത്തോളം ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായി വിവരം.