CrimeNEWS

ബാംഗ്ലൂരിൽ നേഴ്സിങ്ങിന് അഡ്മിഷനുവേണ്ടി പലിശ രഹിത ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ സംഭവം: യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: ബാംഗ്ലൂരിൽ നേഴ്സിങ്ങിന് അഡ്മിഷനുവേണ്ടി പലിശ രഹിത ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള മണ്ണടിശാല ഭാഗത്ത് കലതിക്കാട്ട് വീട്ടിൽ ലിജിൻ കെ. ലിറ്റി (27) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുണ്ടക്കയം സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും ഇവരുടെ മകൾക്ക് ബാംഗ്ലൂരിലെ ശ്രീമതി ലക്ഷ്മി ദേവി കോളേജ് ഓഫ് നേഴ്സിങ് എന്ന സ്ഥാപനത്തിൽ അഡ്മിഷൻ ശരിയാക്കി നൽകാമെന്നും, ഈ കോഴ്സിന്റെ ഫീസ് ആയ 6,95,000 രൂപ ബാംഗ്ലൂരിലുള്ള സ്വകാര്യ സ്ഥാപനം വഴി പലിശരഹിത വായ്പയായി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഇവരിൽ നിന്നും പലപ്പോഴായി 1,63,500 രൂപ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു.

ഇയാൾ ഇവരിൽനിന്ന് വാങ്ങിയ തുക ഒന്നും തന്നെ കോളേജിൽ അടക്കാതെയും, അഡ്മിഷൻ കാര്യത്തിനായി ഇവരിൽ നിന്നും വാങ്ങിയ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാതിരുന്നതിനെയും തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ അനീഷ് പി.എസ്, സി.പി.ഓ നൂറുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Back to top button
error: