മുബൈ: രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ബാങ്കുകളുടെയും ഫിൻടെക് സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവുന്നുണ്ട്. അടുത്തിടെയാണ് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാതെ തന്നെ യുപിഐ പണമിടപാടുകൾ നടത്താവുന്ന പ്ലൻ ഇന്നുകൾ അവതരിപ്പിക്കുമെന്ന് നാഷണൽ പേയ്മെന്റ് കോർപറേഷൻ അറിയിച്ചത്.
ഇക്കൂട്ടതിൽ ഏറ്റവുമൊടുവിലത്തെ പ്രഖ്യാപനമാണ് ഇന്ന് രാവിലെ നടപ്പു സാമ്പത്തിക വർഷത്തെ പണ നയം സംബന്ധിച്ച് സംസാരിക്കവെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള കോൺവർസേഷനൽ പേയ്മെന്റ് സംവിധാനം യുപിഐ ഇടപാടുകളിൽ നടപ്പാക്കുന്നത് പരിഗണിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ആർട്ടിഫിഷ്യൽ സംവിധാനങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെ ഉപയോക്താക്കൾക്ക് പണമിടപാട് നടത്താൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ഉപയോക്താക്കളുടെ സൗകര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ് എഐ അടിസ്ഥാനപ്പെടുത്തിയുള്ള യുപിഐ ഇടപാടുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ആശയവിനിമയ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾക്ക് പണമിടപാടുകൾ നടത്താൻ സാധിക്കുന്നതാണ് പുതിയ സംവിധാനം. നിലവിൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങും പോലുള്ള സങ്കേതങ്ങൾ റിസർവ് ബാങ്കും രാജ്യത്തെ പൊതു – സ്വകാര്യ മേഖലകളിലെ ബാങ്കുകളും ഉപയോഗപ്പെടുത്തുന്നുണ്ട്.
പ്രധാന ബാങ്കുകൾക്കെല്ലാം ഇപ്പോൾ തന്നെ എഐ അധിഷ്ഠിത സംവിധാനങ്ങളുണ്ട്. ഉപഭോക്താക്കൾക്ക് സേവനങ്ങൾ എത്തിക്കാനുള്ള ചാറ്റ് ബോട്ടുകൾ മുതൽ പ്രമുഖ ഫിൻടെക് സ്ഥാപനങ്ങളുമായുള്ള സഹകരണം വരെ ഇതിൽ ഉൾപ്പെടുന്നു. അതേസമയം പണപ്പെരുപ്പം കൂടുകയാണെങ്കിലും റിപ്പോ നിരക്കിൽ 6.5 ശതമാനത്തിൽ നിന്ന് മാറ്റം വരുത്തുന്നില്ലെന്ന് റിസർവ് ബാങ്ക് ഇന്ന് രാവിലെ പണനയ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ചു.