കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ, ഇടതു മുന്നണി ക്യാമ്പിലും നീക്കങ്ങള്‍ സജീവമായി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസ്, റെജി സക്കറിയ, കെ എം രാധാകൃഷ്ണന്‍ തുടങ്ങിയ പേരുകളാണ് സിപിഎമ്മിന്റെ പരിഗണനയിലുള്ളത്. പുതുപ്പള്ളി സിപിഎം ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസിന്റെ പേരും പരിഗണനയിലുള്ളതായാണ് സൂചന.
പൊതു സ്വതന്ത്രനെ ഇറക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കടുത്ത രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സിപിഎം നീക്കം. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച ജെയ്ക് സി തോമസിനോട് മണര്‍കാട് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മണര്‍കാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും അപേക്ഷ നല്‍കിയെന്നും അയര്‍ക്കുന്നം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിനാണു വോട്ടെണ്ണല്‍.