
തിരുവനന്തപുരം: കത്തുന്ന പ്രശ്നങ്ങളുടെ കനൽത്തരി തുടക്കത്തിൽത്തന്നെ കണ്ടെത്തി അവസാനിപ്പിക്കാനും സൈബറിടത്തു നടക്കുന്ന കുറ്റകൃത്യങ്ങളുടെ ആസൂത്രണം ട്രാക്ക് ചെയ്യാനും സംസ്ഥാന പൊലീസ് ഇന്റലിജൻസിൽ പുതിയ വിഭാഗം വരുന്നു. ഫീൽഡിൽ നിന്നു പൊലീസുദ്യോഗസ്ഥർ രഹസ്യമായി വിവരം ശേഖരിക്കുന്ന പരമ്പരാഗത രീതി കൊണ്ട് ഇനി രക്ഷയില്ലെന്നു വന്നതോടെയാണ് പൊലീസ് ‘സൈബർ ഇന്റലിജൻസ് വിഭാഗം’ രൂപീകരിക്കുന്നത്.
ഇതിനായുള്ള ശുപാർശ ആഭ്യന്തരവകുപ്പിന് പൊലീസ് കൈമാറി. ഇതിന് ആവശ്യമുള്ള 4 ഉപകരണങ്ങളിൽ രണ്ടെണ്ണം ഇസ്രയേൽ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നു വാങ്ങും. രണ്ടെണ്ണം കേരള പൊലീസ് വിസകിപ്പിക്കണം. സാങ്കേതികവിഭാഗം എസ്പിയുടെ തസ്തികയും ഇന്റലിജൻസിലേക്ക് ഉൾപ്പെടുത്തി കൂടുതൽ വിപുലമായ സൈബർ ശൃംഖല രൂപീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ ഈയിടെ നടന്ന പല കലാപങ്ങളുടെയും സംഘർഷങ്ങളുടെയും തുടക്കം സോഷ്യൽ മീഡിയയിലെ ചില ഹാഷ്ടാഗ് ക്യാംപെയ്നുകളുടെ ചുവടുപിടിച്ചായിരുന്നു. ഇതിൽ പലതും തുടക്കമിട്ടത് വിദേശരാജ്യങ്ങളിൽ നിന്നായിരുന്നു.
തമിഴ്നാട്ടിൽ നടന്ന ചില കലാപ നീക്കങ്ങൾക്ക് ശ്രീലങ്കയിൽ ഇരുന്നാണ് സോഷ്യൽമീഡിയ ഓപ്പറേഷൻസ് നടന്നതെന്നും കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിനും കൈമാറിയിരുന്നു. സർക്കാരിന്റെ ചില തീരുമാനങ്ങളും ചില പ്രദേശങ്ങളിലെ ചെറിയ പ്രശ്നങ്ങൾ പോലും സൈബറിടങ്ങളിൽ തെറ്റായി ചിത്രീകരിച്ച് സംഘർഷങ്ങൾക്കുള്ള തിരി കൊളുത്തുന്നതിനും സോഷ്യൽമീഡിയ ഉപയോഗിക്കുന്നു. തീവ്രവാദ പ്രവർത്തനം, ലഹരി കടത്ത് തുടങ്ങിയവയ്ക്കും സൈബർ മേഖലയെ ദുരുപയോഗിക്കുന്നുണ്ട്.






