CrimeNEWS

ആലുവയില്‍ അതിഥി തൊഴിലാളി വീടുകയറി ആക്രമിച്ചു; ഗൃഹനാഥന് തലയ്ക്ക് സാരമായ പരിക്ക്

കൊച്ചി: ആലുവ ചൊവ്വരയില്‍ അതിഥി തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബദറുദ്ദീന്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഇതിനിടെ വീട്ടിലേക്ക് കടന്നു വന്ന മനോജ് സാഹു മുറ്റത്ത് കിടന്ന മരത്തടി എടുത്ത് ബദറുദ്ദീനെ ആക്രമിച്ചു. നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മനോജ് സാഹു മാനസിക വൈകല്യം നേരിടുന്നയാളാണെന്ന് പോലീസ് സൂചിപ്പിച്ചു.

Signature-ad

അതേസമയം, അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നു. ആലുവയ്ക്കു സമീപം പുറയാറില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടത്തിലാണ് ബംഗാള്‍ സ്വദേശിനികളായ പെണ്‍കുട്ടികളുണ്ടായിരുന്നത്. സ്‌കൂള്‍ യൂണിഫോം ധരിച്ച 13 ഉം 17 ഉം വയസായ പെണ്‍കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. ഇവരെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. ഇവരെ ഇവിടെ എത്തിച്ച രണ്ട് ബിഹാര്‍ സ്വദേശികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Back to top button
error: