KeralaNEWS

നടൻ മുരളിയുടെ 14-ാം ചരമവാർഷിക ദിനം 

നാടകഅരങ്ങിൻ്റെ പിന്‍ബലത്തോടെ സിനിമയിലെത്തുകയും സിനിമയില്‍ അഭിനയത്തിന്റെ വലിയ കരുത്തു തെളിയിക്കുകയും ചെയ്ത അഭിനേയതാവ് ആയിരുന്നു മുരളി. താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാതെ പരുക്കന്‍ മുഖപടത്തിനുള്ളില്‍ പ്രതിഭാധനനായിരുന്ന വലിയ നടന്റെ ഓര്‍മ്മ മലയാളസിനിമയുടെ കരുത്തുറ്റ ഓര്‍മ്മപ്പെടുത്തലുകൂടിയാണ്.
ഒരു കഥാപാത്രത്തില്‍ അയാള്‍ തന്നെ തന്നെ കണ്ടെത്തുമ്പോഴാണ് അയാള്‍ മികച്ച അഭിനേതാവായി മാറുക എന്നാണ് മെര്‍ലിന്‍ സ്ട്രീപ് പറഞ്ഞത്. അത്തരത്തില്‍, ഭാവാഭിനയത്തിൻ്റെയും ശരീരഭാഷയുടെയും ശബ്ദവിന്യാസത്തിൻ്റെയും തനതായ മോഡുലേഷനിലൂടെ കഥാപാത്രങ്ങൾക്കുള്ളില്‍ തൻ്റേതായ അഭിനയ സമവാക്യങ്ങള്‍ മെനഞ്ഞ ഒരു നടനായിരുന്നു മുരളി.
കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാർഷികകുടുംബത്തിൽ വെളിയം കുടവട്ടൂർ പൊയ്കയിൽ വീട്ടിൽ കെ. ദേവകിയമ്മയുടെ മൂത്ത മകനായി 1954 മേയ് 25-ന് മുരളി ജനിച്ചു. കുടവട്ടൂർ എൽ.പി. സ്‌കൂൾ, തൃക്കണ്ണമംഗലം എസ്‌.കെ.വി.എച്ച്‌.എസ്‌., ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കുടവട്ടൂര്‍ എൽ.പി. സക്കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ സക്കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്‌റ്റേജിലെത്തുന്നത്.
ഭരത് ഗോപി ആദ്യമായി സംവിധയകനായ ‘ഞാറ്റടി’ എന്ന ചിത്രത്തിൽ മുരളിയെ നായകനാക്കി ചിത്രം പൂർത്തിയായെങ്കിലും പുറത്തിറങ്ങിയില്ല.തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ‘ചിദംബരം’ (1985) എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീട് ‘മീനമാസത്തിലെ സൂര്യൻ’ (1986 – റിലീസ്) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഹരിഹരന്റെ ‘പഞ്ചാഗ്നി’യാണ് (1986) ആദ്യം റിലീസായ ചിത്രം. ‘അസ്ഥികൾ പൂക്കുന്നു’ (1986) എന്ന, പി. ശ്രീകുമാർ സംവിധാനം ചെയ്ത സിനിമയിൽ നായകനായി വന്നു…
‘അര്‍ത്ഥം’, ‘കുട്ടേട്ടന്‍’, ‘ലാല്‍ സലാം’, ‘ഏയ് ഓട്ടോ’, ‘കിഴക്കുണരും പക്ഷി’, ‘കേളി’  തുടങ്ങിയ ചിത്രങ്ങളിലൂടെ വില്ലനായാണ് ചലച്ചിത്രലോകത്ത് ചുവടുറപ്പിച്ചതെങ്കിലും പിന്നീട്, ‘ദശരഥം’, ‘ധനം’, ‘ചമ്പക്കുളം തച്ചന്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ക്യാരക്ടര്‍ റോളുകളും അനായാസം വഴങ്ങുമെന്ന് തെളിയിച്ചതോടെ മുരളി മലയാള സിനിമയിലെ മുന്‍നിര നടന്‍മാരില്‍ ഒരാളായി. മലയാളത്തിലും തമിഴിലും എന്നെന്നും ഓര്‍മ്മിക്കാന്‍ പാകത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന മുരളി ക്യാമറയുടെ പ്രകടനങ്ങള്‍ക്കൊപ്പം അരങ്ങിലെ വെളിച്ചത്തിലും നിറഞ്ഞുനിന്നിരുന്നു.
‘വെങ്കല’ത്തിലെ ഗോപാലന്‍ മൂശാരി, ‘ആകാശദൂതി’ലെ ജോണി, ‘അമര’ത്തിലെ കൊച്ചുരാമന്‍, ‘ആധാര’ത്തിലെ ബാപ്പൂട്ടി എന്നിവ മുരളിയുടെ ചലച്ചിത്രജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്. ‘ചകോരം’, ‘താലോലം’, ‘കാരുണ്യം’, ‘ലാല്‍സലാം’, ‘പുലിജന്മം’, ‘മാലയോഗം’, ‘കാണാക്കിനാവ്’…. ഇങ്ങനെ നിരവധി സിനിമകളിലെ  മുരളിയുടെ അഭിനയത്തേക്കുറിച്ചും എടുത്തു  പറയാനുള്ളതാണ്.
1992-ല്‍ പുറത്തിറങ്ങിയ ‘ആധാര’ത്തിലെ ‘ബാപ്പുട്ടി’യാണ് മുരളിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത് എന്നും പറയാം. ‘ആധാര’ത്തിലെ പ്രകടനം അദ്ദേഹത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിക്കൊടുത്തു. അതിനു മുമ്പേ ‘അമര’ത്തിലെ കൊച്ചു രാമനിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം മുരളിയെ തേടിയെത്തുകയും ചെയ്തിരുന്നു.
‘നെയ്ത്തുകാര’നിലെ അപ്പ മേസ്തരി എന്ന കഥാപത്രമായുള്ള അഭിനയത്തിലൂടെ 2002-ല്‍ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.
അഞ്ജലി മേനോന്‍ സംവിധാനം ചെയത ‘മഞ്ചാടിക്കുരു’വാണ് അവസാനമായി അഭിനയിച്ച ചിത്രം.. ഇത് പക്ഷേ, ഇറങ്ങിയത് 2013-ല്‍ മാത്രമാണ്.

Back to top button
error: