CrimeNEWS

പ്രവാസിയില്‍നിന്നും തട്ടിയെടുത്തത് 108 കോടി; മരുമകനും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ പ്രവാസി വ്യവസായിയില്‍നിന്നും 108 കോടി രൂപ തട്ടിയെടുത്ത കേസില്‍ മരുമകന്‍ ഹാഫിസ് കുദ്രോളി ഇയാളുടെ സുഹൃത്ത് അക്ഷയ് വൈദ്യന്‍ എന്നിവര്‍ പിടിയില്‍. 5 ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം എറണാകുളം ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തു. ഗോവ- കര്‍ണ്ണാടക ചുമതലയുള്ള ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ ഹെഡ് നിര്‍മ്മിച്ച് പണം തട്ടിയകേസില്‍ അടുത്തിടെ ഗോവ പോലീസ് ഹാഫിസ് കുദ്രാളിയെ ബംഗ്‌ളൂരുവില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കെയാണ് കേരളത്തിലും മറ്റൊരു കേസില്‍ കൂടി ഇയാള്‍ പിടിയിലാകുന്നത്.

വ്യവസായിയെ കബളിപ്പിച്ച കേസ് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ഇയാളുടെ സുഹൃത്തായ അക്ഷയുടെ ലാപ്‌ടോപ്പില്‍നിന്നും ലഭ്യമാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. പിടിച്ചെടുത്ത ലാപ് ടോപ്പ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആലുവ സ്വദേശിയും വ്യവസായിയുമായ അബ്ദുള്‍ ലാഹിറില്‍നിന്നാണ് പലപ്പോഴായി മരുമകന്‍ മുഹമ്മദ് ഹാഫിസ് കോടികള്‍ തട്ടിയെടുത്തിരുന്നത്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്നപേരില്‍ വ്യാജ രേഖകള്‍ നല്‍കി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവായ ലാഹിര്‍ ഹസ്സനില്‍നിന്നും 108 കോടി തട്ടിയെടുത്തത്.

Signature-ad

ഈ പണമെല്ലാം എന്‍ആര്‍ഐ അക്കൗണ്ടുവഴി നല്‍കിയതിന്റെ രേഖകള്‍ ദുബായിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ലാഹിര്‍ ഹസ്സന്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തട്ടിപ്പ് വ്യക്തമായതോടെ ഹാഫിസ് കുദ്രോളിയുടെ ഭാര്യ ഹാജിറ വിവാഹ മോചനത്തിനായി ആലുവ കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേന്ദ്ര ഐബിയും ലാഹിര്‍ ഹസ്സനില്‍നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. 108 കോടി രൂപ എന്തിന് ഹാഫിസ് വിനയോഗിച്ചുവെന്നതാണ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നത്.

Back to top button
error: