കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ സര്‍ജികല്‍ കത്രിക ഉപയോഗിച്ച് തുടര്‍ചയായി കുത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി സന്ദീപിനെ ജോലിയില്‍ പിരിച്ചുവിട്ടു. മെയ് 10 നായിരുന്നു ഡോ. വന്ദന ദാസിനെ ആശുപത്രിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ അന്വേഷണ സംഘം ചൊവ്വാഴ്ച (ഓഗസ്റ്റ് ഒന്ന്) കുറ്റപത്രം സമര്‍പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. കൊല്ലം നെടുമ്പന എല്‍ പി സ്‌കൂളിലെ അധ്യാപകനായിരുന്നു സന്ദീപ്.
ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി സന്ദീപിനെ ഇനിയൊരിക്കലും സര്‍വീസില്‍ കയറാനാകാത്ത വിധം റിപോര്‍ട് തയ്യാറാക്കിയതായാണ് വിവരം. പ്രതി സന്ദീപ് സമൂഹത്തിന് ആകെ കളങ്കമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
അതേസമയം ഉറങ്ങാനുള്ള മരുന്നിന്റെയും മറ്റും സ്വാധീനത്തില്‍ എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നെന്നു ചൂണ്ടിക്കാട്ടി സന്ദീപ് ഹൈക്കോടതിയില്‍ ജാമ്യഹർജി നല്‍കിയിരുന്നു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയും കൊല്ലം ജില്ലാ കോടതിയും ജാമ്യ ഹരജി തള്ളിയിരുന്നു. ജസ്റ്റിസ് സിയാദ് റഹ് മാന്‍ ഹർജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.