തിരുവനന്തപുരം: യുവമോർച്ചക്കെതിരെ താൻ നടത്തിയ മോർച്ചറി പരാമർശം കലാപാഹ്വാനം അല്ലെന്ന് പി ജയരാജൻ. യുവമോർച്ചയ്ക്ക് മനസ്സിലാകുന്ന ഭാഷയാണ് ഉപയോഗിച്ചതെന്ന് പി ജയരാജൻ പറഞ്ഞു. സ്പീക്കർ എ എൻ ഷംസീറിന്റെ മതമാണ് ആർഎസ്എസ് വിമർശനത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷംസീറിനെ സംരക്ഷിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ തന്നെ ചുമതലയാണെന്നും പി ജയരാജൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിൻ്റ് ബ്ലാങ്ക് എന്ന പരിപാടിയിലായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്.
മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചതിന് പിന്നിൽ പി ജയരാജൻറെ അനവസരത്തിലുള്ള ഇടപെടലാണെന്ന് സിപിഎം വിലയിരുത്തിയിരുന്നു. രാഷ്ട്രീയ പ്രതിയോഗികൾക്ക് ആയുധമാക്കും വിധം വിവാദം വളർത്തിയതിന് പിന്നിൽ പി ജയരാജൻറെ മോർച്ചറി പരാമർശത്തിന് വലിയ പങ്കുണ്ടെന്ന് ആരോപണം ഉയരുന്നിരുന്നു. സീമകൾ ലംഘിച്ച് വിവാദം ആളിക്കക്കത്തിയതും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് വരെ അത് ഏറ്റുപിടിക്കേണ്ടി വന്നതും പി ജയരാജന്റെ പ്രസംഗത്തിലൂടെയാണെന്നാണ് സിപിഎമ്മിൻറെ വിലയിരുത്തൽ.