KeralaNEWS

19 ാം നൂറ്റാണ്ടിനെ വെട്ടിയെന്ന ആക്ഷേപം; രഞ്ജിത്തിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ചട്ടവിരുദ്ധമായി ഇടപെട്ടെന്നു 2 ജൂറി അംഗങ്ങള്‍ തന്നെ പരസ്യമായി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഇമെയില്‍ ആയി അയച്ച പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാംസ്‌കാരിക വകുപ്പിലേക്കു പരാതി കൈമാറിയെന്നും പരിശോധിച്ചു നടപടിയെടുക്കാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു മറുപടി ലഭിച്ചതായി വിനയന്‍ അറിയിച്ചിരുന്നു.

Signature-ad

തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയന്‍ പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി വിനയന്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, തുടര്‍ച്ചയായി രണ്ടാംവര്‍ഷവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടിരിക്കുന്നു എന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്ന് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (മൈക്ക്) അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞവര്‍ഷം പ്രാഥമിക ജൂറി തഴഞ്ഞ സിനിമയെ വിളിച്ചുവരുത്തി വേണ്ടപ്പെട്ടവര്‍ക്ക് അവാര്‍ഡ് കൊടുക്കുകയായിരുന്നുവെങ്കില്‍ ഇത്തവണ ചില സിനിമകള്‍ക്ക് അവാര്‍ഡ് കിട്ടാതിരിക്കാന്‍ ജൂറിയെ സ്വാധീനിക്കുകയായിരുന്നു. അക്കാദമി സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയായി ജൂറിയിലിരിക്കുന്നതിനെ നിയമപരമായി ചോദ്യംചെയ്തിട്ടുള്ള സംഘടനയാണ് മൈക്ക്. ജൂറിയില്‍ മെമ്പര്‍ സെക്രട്ടറിയുടെ സാന്നിധ്യംപോലും ചില കൈകടത്തലുകള്‍ക്ക് കാരണമാകും -ഭാരവാഹികള്‍ പറഞ്ഞു.

 

Back to top button
error: