KeralaNEWS

മുസ്ലീംലീഗ് ആസ്ഥാനമന്ദിര നിര്‍മാണത്തിന് വേണ്ടി പിരിച്ച പണം വകമാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് കെടി ജലീല്‍

മലപ്പുറം: മുസ്ലീംലീഗ് ആസ്ഥാനമന്ദിര നിര്‍മാണത്തിന് വേണ്ടി പിരിച്ച പണം വകമാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് കെടി ജലീല്‍. പണം വകമാറ്റാനുള്ള ലീഗിന്റെ പതിവുതന്ത്രം വിലപ്പോവില്ലെന്നും പത്തൊമ്പത് കോടി കൊടുത്ത് വാങ്ങി തട്ടിക്കൂട്ടുന്ന ബില്‍ഡിംഗിന് ഖാഇദെമില്ലത്തിന്റെ പേരിടാനാണ് നീക്കമെന്നും ജലീല്‍ പറഞ്ഞു. ഖാഇദെമില്ലത്തിന്റെ പേരില്‍ സൗധത്തിന് അതിന്റേതായ ഗാംഭീര്യമില്ലെങ്കില്‍ ആ മഹാന്റെ പേര് കെട്ടിടത്തിന് മുകളില്‍ എഴുതരുത്. തട്ടിക്കൂട്ട് സൗധത്തിനായിരുന്നെങ്കില്‍ ലീഗ് പ്രവര്‍ത്തകരും പൊതുജനങ്ങളും സംഭാവന നല്‍കുമായിരുന്നുവെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഖാഇദെമില്ലത്തിന്റെ പേരില്‍ പിരിക്കുന്ന പണമെങ്കിലും യഥാവിധി ലീഗ് നേതൃത്വം ചെലവാക്കുമെന്ന് അവര്‍ ന്യായമായും പ്രതീക്ഷിച്ചു. അതുണ്ടാകാതെ വന്നപ്പോഴാണ് വിമര്‍ശനം വേണ്ടി വന്നതെന്നും ജലീല്‍ പറഞ്ഞു.

27 കോടിയോളം കേരളത്തിലെ ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് പിരിഞ്ഞുകിട്ടി. അതില്‍ തനിക്ക് സന്തോഷമേയുള്ളൂ, ഒരു ചൊറിച്ചിലുമില്ലെന്ന് ജലീല്‍ പറഞ്ഞു. കേരളത്തില്‍ 25 കോടി മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ കെഎംസിസി വഴി പിരിക്കുന്ന പണവും ടാര്‍ജറ്റ് മറികടക്കും. മൊത്തത്തില്‍ ചുരുങ്ങിയത് 75 കോടി രൂപയെങ്കിലും സമാഹരിക്കുമെന്നുറപ്പാണെന്നും കെടി ജലീല്‍ പറഞ്ഞു.

Signature-ad

കെടി ജലീലിന്റെ കുറിപ്പ്: ഖാഇദെമില്ലത്തിനെ അപമാനിക്കരുത്. അപേക്ഷയാണ്. കേരളത്തിലെ ഏതാണ്ടെല്ലാ സമുദായ സംഘടനകള്‍ക്കും ഡല്‍ഹിയില്‍ സ്വന്തമായി നിര്‍മ്മിച്ച ആസ്ഥാനങ്ങളുണ്ട്. എ.പി അബൂബക്കര്‍ മുസ്ല്യാര്‍ എന്ന ധിഷണാശാലി ഡല്‍ഹിയില്‍ നിര്‍മ്മിച്ച മര്‍ക്കസ് സെന്റെര്‍ എത്ര ഗാംഭീര്യമുള്ളതാണ്. കേരള മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വന്തമായി ഡല്‍ഹിയില്‍ നിര്‍മ്മിച്ച കെട്ടിടം എത്ര പകിട്ടാര്‍ന്നതാണ്. കേരള നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡല്‍ഹി ഓഫീസിന് എന്തൊരു തലയെടുപ്പാണ്. കേരള എസ്.എന്‍.ഡി.പിയുടെ ആശിര്‍വാദത്തോടെ ഡല്‍ഹിയില്‍ നിര്‍മ്മിച്ച ആസ്ഥാനം എത്ര മനോഹരമാണ്. ഇതോട് ചേര്‍ത്ത് വേണം, പത്തൊമ്പത് കോടി കൊടുത്ത് വാങ്ങി തട്ടിക്കൂട്ടുന്ന കൊമേഴ്‌സ്യല്‍ ബില്‍ഡിംഗിന് ഖാഇദെമില്ലത്തിന്റെ പേരിടാനുള്ള നീക്കം താരതമ്യം ചെയ്യേണ്ടത്.

27 കോടിയോളം കേരളത്തിലെ ലീഗ് പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പിരിഞ്ഞുകിട്ടി. അതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഒരു ‘ചൊറിച്ചിലു’മില്ല. വിദേശ മലയാളികളില്‍ നിന്ന് കെ.എം.സി.സി മുഖേന ശേഖരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് 25 കോടി വേറെയും. അതിനും പുറമെയാണ് ഖാഇദെമില്ലത്തിന്റെ ജന്‍മനാടായ തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന കോടികള്‍. നാമമാത്രമാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഹിതമടക്കം ചുരുങ്ങിയത് 75 കോടി രൂപയെങ്കിലും സമാഹരിക്കുമെന്നുറപ്പ്. കേരളത്തില്‍ 25 കോടി ടാര്‍ജറ്റ് മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ കെ.എം.സി.സി വഴി പിരിക്കുന്ന പണവും ടാര്‍ജറ്റ് മറികടക്കുമെന്ന് ലീഗിനെ അറിയുന്നവര്‍ക്കറിയാം. തമിഴ്‌നാടും ടാര്‍ജറ്റ് മറികടക്കും. കാരണം ജനങ്ങള്‍ അത്രകണ്ട് ‘ഖാഇദെമില്ലത്ത്’എന്ന മഹാനെ സ്‌നേഹിക്കുന്നു. പല ലീഗ് പ്രാദേശിക കമ്മിറ്റികളും നിശ്ചയിച്ച ക്വോട്ട പൂര്‍ത്തിയാക്കാന്‍ ലീഗല്ലാത്തവരില്‍ നിന്നും ധനസമാഹരണം നടത്തിയിട്ടുണ്ട്. അവരും അതില്‍ സഹകരിച്ചത് ഇസ്മായില്‍ സാഹിബിനോടുള്ള ബഹുമാനം കൊണ്ടാണ്.

കാര്യം പറയുമ്പോള്‍ ‘താങ്കള്‍’ വല്ലതും കൊടുത്തോ എന്നാണ് ലീഗ് സൈബര്‍ പോരാളികള്‍ ചോദിക്കുന്നത്? അതവിടെ നില്‍ക്കട്ടെ. ആവശ്യമെങ്കില്‍ പിന്നീടു പറയാം. ഡല്‍ഹിയിലെ ‘തട്ടിക്കൂട്ട്’ സൗധത്തിനായിരുന്നെങ്കില്‍ ലീഗ് പ്രവര്‍ത്തകരും പൊതുജനങ്ങളും സംഭാവന നല്‍കുമായിരുന്നുവെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഖാഇദെമില്ലത്തിന്റെ പേരില്‍ പിരിക്കുന്ന പണമെങ്കിലും യഥാവിധി ലീഗ് നേതൃത്വം ചെലവാക്കുമെന്ന് അവര്‍ ന്യായമായും പ്രതീക്ഷിച്ചു. അതുണ്ടാകാതെ വന്നപ്പോഴാണ് വിമര്‍ശനം വേണ്ടി വന്നത്. എ.പി വിഭാഗം സുന്നികള്‍ക്ക് ഡല്‍ഹിയില്‍ ”മര്‍ക്കസ് സെന്റര്‍’ സ്വന്തമായി പണിയാമെങ്കില്‍, കേരള മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് സ്വന്തമായി ഒരാസ്ഥാനം ഉണ്ടാക്കാമെങ്കില്‍, എന്‍.എസ്.എസി-ന് ഒരു ഓഫീസ് ഡല്‍ഹിയില്‍ നിര്‍മ്മിക്കാമെങ്കില്‍, വെള്ളാപ്പള്ളിയുടെ എസ്.എന്‍.ഡി.പിക്ക് ഡല്‍ഹി യൂണിയന്‍ ഓഫീസ് സ്വന്തമായി കെട്ടാമെങ്കില്‍, 3 ലോക്‌സഭാ എം പിമാരും ഒരു രാജ്യസഭാ എം.പിയും 15 എം.എല്‍.എമാരും നിരവധി തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ ബാങ്കുകളുടെയും സാരഥികളും ഉള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന് മാത്രം സ്വന്തമായി സ്ഥലം സംഘടിപ്പിച്ച് സ്റ്റുഡന്‍സ് ഹോസ്റ്റല്‍, റിസര്‍ച്ച് സെന്റെര്‍, ഡിജിറ്റല്‍ ലൈബ്രറി, ലീഗ് ദേശീയ ഓഫീസ്, യൂത്ത്‌ലീഗിനും എം.എസ്.എഫിനും ദേശീയ അസ്ഥാനങ്ങള്‍, എന്നിവ ഉള്‍പ്പെടുത്തി വിശാലവും പ്രൗഢഗംഭീരവുമായ ഒരു സമുച്ചയം എന്തുകൊണ്ടാണ് പണിയാന്‍ കഴിയാത്തത്? നേതൃത്വത്തിന്റെ വരട്ടുവദങ്ങളുടെ ‘യുക്തി’ലീഗിന്റെ സൈബര്‍ പോരാളികള്‍ക്ക് പോലും ഉള്‍കൊള്ളാനാവില്ല. ഖാഇദെമില്ലത്തിന്റെ പേരില്‍ പിരിച്ച പണം വകമാറ്റാനുള്ള ലീഗിന്റെ ‘പതിവുതന്ത്രം’ വിലപ്പോവില്ല. വകമാറ്റാനാണ് ഉദ്ദേശമെങ്കില്‍ ആ കാര്യം പിരിവിന് മുമ്പേ പറയണമായിരുന്നു. സാധാരണ ലീഗ് പ്രവര്‍ത്തകര്‍ വല്ലാതെ മോഹിച്ചു. ആനകൊടുത്താലും അവര്‍ക്ക് ആശ കൊടുക്കരുതായിരുന്നു.

മുസ്ലിം ലീഗ് നേതാവും സാത്വികനും പ്രഭാഷകനും ബുദ്ധിജീവിയുമായിരുന്ന മര്‍ഹും കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയെ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. മഹാന്‍മാരുടെ പേരുകളിട്ട് കെടുകാര്യസ്ഥത കാട്ടുന്ന സ്ഥാപന മേധാവികളോട് അദ്ദേഹം പരസ്യമായി പൊതുയോഗങ്ങളില്‍ പറഞ്ഞു: ”താന്തോന്നിത്തം കാട്ടാനാണെങ്കില്‍ സൂഫിവര്യന്‍മാരായ മഹത്തുകളുടെ പേരുകള്‍ക്ക് പകരം അവരവരുടെ വാപ്പാരുടെ പേരിട്ട് സ്ഥാപനം നടത്തുന്നതാണ് നല്ലത്’. ഖാഇദെമില്ലത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ ഉയരുന്ന സൗധത്തിന് അതിന്റേതായ ഗാംഭീര്യമില്ലെങ്കില്‍ ആ മഹാന്റെ പേര് ദയവായി ആ കെട്ടിടത്തിന് മുകളില്‍ എഴുതിവെക്കരുത്. ”പ്ലീസ്’..

Back to top button
error: