ട്രോളിംഗ് നിരോധനം കഴിഞ്ഞ് രണ്ട് ദിനം പിന്നിട്ടപ്പോഴേക്കുമുള്ള കാഴ്ചയാണിത്.ഹാര്‍ബറുകളില്‍ എങ്ങും കിളി മീനുകളുടെ ചാകരയാണ്. തീരത്ത് നിന്ന് കടലിലെത്തി മീനുമായി തിരികെയെത്തിയവര്‍ക്കും പറയാനൊന്നെയുള്ള കിട്ടിയതിലേറെയും കിളി മീനാണ്. ഹാര്‍ബറുകളില്‍ കിളി തട്ടിയിട്ട് നടക്കാൻ വയ്യ എന്ന അവസ്ഥയായതോടെ വില നേരെ നിലം പതിച്ചു. കിലോയ്‌ക്ക് 40 രൂപ വരെ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍ വില.
തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ നിന്നാണ് ചാകരയെത്തിയതോടെ മീൻ വില താഴേക്ക് പതിച്ചിരിക്കുന്നത്.ആദ്യ ദിവസം കച്ചവടം നടന്നത് 100-130 എന്നീ നിരക്കുകളിലായിരുന്നു. എന്നാല്‍ ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങിയതോടെ സംഭവം മാറി മറിയുകയായിരുന്നു. ബോട്ടുകളില്‍ പോയവര്‍ക്ക് പ്രധാനമായും കിട്ടിയതൊക്കെയും കിളി മീൻ തന്നെ. എന്നാല്‍ മറ്റ് മീനുകള്‍ തീരെ ചെറിയ അളവില്‍ മാത്രമാണ് കിട്ടിയത്. ആദ്യ ദിവസങ്ങളില്‍ കിളിയ്‌ക്ക് മെച്ചപ്പെട്ട വില കിട്ടിയതോടെ പല ബോട്ടുകള്‍ക്കും ലക്ഷങ്ങളുടെ ലാഭമാണ് കയ്യില്‍ ഒതുങ്ങിയത്.
എന്നാല്‍ ഇന്നലെ സ്ഥിതി മാറി മറിയുകയായിരുന്നു. അധിക മീനെത്തിയതോടെ വിലയിലും മാറ്റം വന്നു. വരും ദിവസങ്ങളിലും ഇത്തരത്തില്‍ കിളി മീനിന്റെ ലഭ്യത വര്‍ദ്ധിക്കുന്നതിനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തല്‍.