KeralaNEWS

വന്ദേഭാരത് വന്നതോടെ വൈകിയോട്ടം പതിവാക്കി വേണാട് എക്സ്പ്രസ്;തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം എത്താൻ 40 മിനിറ്റ്

കോട്ടയം :വന്ദേഭാരത് വന്നതോടെ വൈകിയോട്ടം പതിവാക്കി വേണാട് എക്സ്പ്രസ്.തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം ജംക്‌ഷനിലേക്ക് 10 മിനിറ്റു കൊണ്ട് എത്താമെന്നിരിക്കെ 40 മിനിറ്റാണ് വേണാടിന് റെയിൽവേ നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അരമണിക്കൂറിലേറെ വൈകിയോടുന്ന വേണാട് എറണാകുളം ജംക്‌ഷനിൽ എത്തുമ്പോൾ കൃത്യസമയം രേഖപ്പെടുത്തുന്നു.
വേണാട് സമയം പാലിക്കാത്തതിനാൽ 6.58ന് കോട്ടയത്ത് എത്തുന്ന പാലരുവി എക്സ്പ്രസിനെയാണ് പലരും ആശ്രയിക്കുന്നത്.ഇത് 8.45ന് എറണാകുളത്ത് എത്തും. ഈ ട്രെയിനിൽ 14 കോച്ചുകൾ മാത്രമാണുള്ളത്. തിങ്ങിനിറഞ്ഞാണു ആളുകൾ ഇതിൽ യാത്ര ചെയ്യുന്നത്.തന്നെയുമല്ല പാലരുവിയിൽ യാത്ര ചെയ്യണമെങ്കിൽ പുലർച്ചെ വീടുകളിൽ നിന്ന് ഇറങ്ങുകയും വേണം.
കൊല്ലം–ചെങ്കോട്ട ഘാട്ട് സെക്‌ഷനിൽ സർവീസ് നടത്തുന്ന ട്രെയിനായതിനാൽ 14 കോച്ചിൽ കൂടുതൽ ഓടിക്കാൻ കഴിയാത്തതാണ് പാലരുവിയിലെ പ്രശ്നം.ജോലിക്കാരായ ഒട്ടേറെ യാത്രക്കാർ ദിവസവും ആശ്രയിക്കുന്ന വേണാട് വൈകുന്നതിനാൽ ഓഫിസുകളിൽ സമയത്തിന് എത്താൻ കഴിയാതെ പലർക്കും ശമ്പളം നഷ്ടമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.വന്ദേഭാരത് ഓടിത്തുടങ്ങിയ ശേഷമാണ് വേണാട് പതിവായി വൈകുന്നതെന്നാണ് യാത്രക്കാർ പറയുന്നത്.കായംകുളം–എറണാകുളം സെക്ടറിൽ രാവിലെ 6ന് പുറപ്പെടുന്ന പുതിയ മെമു സർവീസ് ആരംഭിക്കുകയാണു തിരക്കു കുറയ്ക്കാനുള്ള പോംവഴി.

Back to top button
error: