കോട്ടയം: ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള സാമൂഹിക നീതി വകുപ്പിന്റെ വിവിധ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം ക്ലാസ്സ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ളവരാകണം അപേക്ഷകർ. വാർഷിക വരുമാനം 36,000 രൂപയിൽ താഴെയാവണം. ഇത് കൂടാതെ അപേക്ഷകർ മുൻവർഷങ്ങളിൽ 40 ശതമാനത്തിൽ കുറയാത്ത മാർക്കും നേടിയിരിക്കണം.
റെഗുലർ, ഹോസ്റ്റൽ വിദ്യാർഥികൾക്ക് പ്രത്യേകമായാണ് സ്കോളർഷിപ്് അനുവദിക്കുന്നത്. എല്ലാവർക്കും റീഡേഴ്സ് അലവൻസും അനുവദിക്കും. ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെയുള്ള റെഗുലർ വിദ്യാർഥികൾക്ക് 300 രൂപയും റീഡേർസ് അലവൻസായി 200 രൂപയുമാണ് നൽകുന്നത്. അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ റെഗുലർ വിദ്യാർഥികൾക്ക് 500 രൂപയും റീഡേഴ്ഡ് അലവൻസ് 200 രൂപയും ലഭിക്കും.
പ്ലസ് വൺ, പ്ലസ് ടു, ഐ.ടി തത്തുല്യ കോഴ്സുകളിലെ റെഗുലർ വിദ്യാർഥികൾക്ക് 750 രൂപയും ഹോസ്റ്റൽ വിദ്യാർഥികൾക്ക് 1000 രൂപയും റീഡേർസ് അലവൻസ് 300 രൂപയും ലഭിക്കും. പി.ജി/പ്രൊഫഷണൽ വിഭാഗത്തിലെ റെഗുലർ വിദ്യാർഥികൾക്ക് 1000 രൂപയും ഹോസ്റ്റൽ വിദ്യാർഥികൾക്ക് 1500, റീഡേഴ്ഡ് അലവൻസ് 400 രൂപയുമാണ് ലഭിക്കുക. അപേക്ഷകർ വിദ്യാലയ മേധാവി മുഖേന ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് www. suneethi.sjd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അർഹതപ്പെട്ടവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന സ്കോളർഷിപ്പ് വിതരണം ചെയ്യും.