രോമാഞ്ചം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി. സഹസംവിധായിക ഷിഫിന ബബിൻ ആണ് വധു. രോമാഞ്ചം സിനിമയിൽ അസോസിയേറ്റ് ഡയറക്ടർ ആയി ഷിഫിന പ്രവർത്തിച്ചിരുന്നു. ഷിഫിന തന്നെയാണ് വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അൻവർ റഷീദ്, സമീർ സാഹിർ അടക്കമുള്ള സിനിമാപ്രവർത്തകർ വിവാഹത്തിന് എത്തിയിരുന്നു. അർജുൻ അശോകൻ, ബിനു പപ്പു, നസ്രിയ നസിം, സിജു സണ്ണി, സൗബിൻ ഷാഹിർ അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ വധൂവരന്മാർക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
മലയാള സിനിമയിൽ ഈ വർഷത്തെ അപൂർവ്വം വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. മലയാളത്തിൽ അപൂർവ്വമായ കോമഡി ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും പത്ത് വിജയ ചിത്രങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്. 2007ൽ ബംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോർഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേർത്ത് ഭയത്തിൻറെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് ജിത്തു മാധവൻ ചിത്രമൊരുക്കിയത്.
അതേസമയം രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആവേശം എന്നാണ് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രത്തിൻറെ നിർമ്മാണം അൻവർ റഷീദും നസ്രിയ നസീമും ചേർന്നാണ്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കോമഡി എൻറർടെയ്നർ ആയിരിക്കും ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ.