ഓണത്തിന് ഒരു മാസം മുന്നോടിയായി പിള്ളേരോണം വരുന്നു. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കര്‍ക്കിടകമാസത്തിലെ തിരുവോണവും മലയാളികള്‍ ആഘോഷമാക്കും. തിരുവോണത്തിനുള്ള പോലെ വലിയ ഒരുക്കങ്ങളോ ആഘോഷങ്ങളോ ഒന്നും ഇല്ലെങ്കിലും മുറ്റത്ത് ചെറിയ പൂക്കളം ഒരുക്കി പരിപ്പും പപ്പടവും ചേര്‍ത്തുള്ള സദ്യയും കഴിച്ച് പിള്ളേരോണം കെങ്കേമമാക്കുന്നു. ചിലയിടങ്ങളില്‍ ഈ ദിവസം കുട്ടികള്‍ കൈകളില്‍ മഞ്ഞളും മൈലാഞ്ചിയും ചേര്‍ത്തരച്ചണിയുന്ന പതിവും ഉണ്ട്.
തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ വിഭവങ്ങളുമുള്ള ബാല്യകാലത്തിന്റെ ഉത്സവമാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കില്‍ കര്‍ക്കിടകത്തിലെ പിള്ളേരോണം വാമനന്റേതെന്ന് പഴമക്കാര്‍ പറയുന്നു. മഹാവിഷ്ണു ബാലരൂപം പ്രാപിച്ചാണ് മഹാബലിയെ കാണാനെത്തിയത് എന്നതിനാലാണ് കര്‍ക്കിടകത്തിലെ തിരുവോണത്തിനെ പിള്ളേരോണം എന്ന് വിളിക്കുന്നത്. ആവണി അവിട്ടം എന്നും പിള്ളേരോണം അറിയപ്പെടുന്നു. ബ്രാഹ്‌മണര്‍ ഈ ദിവസ മാണ് ആചാര വിധിപ്രകാരം പൂണൂല്‍ മാറ്റുന്നത്.
പണ്ട് ഗ്രാമപ്രദേശങ്ങളില്‍ ഓണത്തിന് വളരെ മുൻപേ ഓണത്തിന്റെ വരവറിയിച്ച് പാണനും കുടുംബവും കര്‍ക്കിടമാസത്തിലെ അവസാനനാളുകളില്‍ രാത്രി പഞ്ഞംപാടാൻ വരുമായിരുന്നു. അവര്‍ക്ക് ധാന്യങ്ങള്‍, പച്ചക്കറികള്‍, നാളികേരം എന്നിവ സമ്മാനമായി നല്‍കാറുണ്ടായിരുന്നു. പിന്നീട് തിരുവോണത്തിന് ശേഷമുള്ള നാളുകളില്‍ ഒരിക്കല്‍കൂടി അവര്‍ പകല്‍ സമയത്ത് പാടാൻ വരും. അപ്പോള്‍ അവര്‍ക്ക് പണവും, ധാന്യങ്ങള്‍, പുതുവസ്ത്രങ്ങള്‍ എന്നിവയും സമ്മാനമായി നല്‍കുമായിരുന്നു.