KeralaNEWS

ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ ഹിന്ദു സേവാ സംഘത്തിന്റെ പണപ്പിരിവ് 

കൊച്ചി:ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ ഹിന്ദു സേവാ സംഘത്തിന്റെ പണപ്പിരിവ്.കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരോ ചിത്രമോ വെളിപ്പെടുത്താൻ പാടില്ലെന്നിരിക്കെ, കുട്ടിയുടെയും അച്ഛന്റെയും പേരും മേല്‍വിലാസവും വിശദാംശങ്ങളും വെളിപ്പെടുത്തിയാണ് പണപ്പിരിവ്.

കുട്ടിയുടെ കുടുംബത്തെ സാമ്ബത്തികമായി സഹായിക്കാൻ എന്ന പേരിലാണ് ഹിന്ദു സേവാകേന്ദ്രം സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം തുടങ്ങിയിരിക്കുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ പേര് സഹിതമാണ് ധനശേഖരണം. പീഡനത്തിനിരയായ കുട്ടികളുടെയോ സ്ത്രീകളുടെയോ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനില്‍ക്കെയാണ് ആലുവയിലെ കുട്ടിയുടെയും അച്ഛന്റെയും പേര് സഹിതം വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെയുള്ള പണപ്പിരിവ്.

സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിലാണ് പണപ്പിരിവ്.കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് വെറും ഒരു ലക്ഷം രൂപ നല്‍കി ഈ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ തലയൂരിയെന്നും അതുകൊണ്ടുതന്നെ ഒരു ലക്ഷത്തിന്റെ പല മടങ്ങ് സഹായം കുട്ടിയുടെ കുടുംബത്തിന് എത്തിക്കാൻ ബാധ്യസ്ഥരാണെന്നും ഹിന്ദു സേവാകേന്ദ്രത്തിന്റെ അഭ്യര്‍ത്ഥനയില്‍ പറയുന്നു. ആലുവയില്‍ താമസിക്കുന്ന അസം നിവാസികളായ ആ അച്ഛനെയും അമ്മയെയും ബാക്കിയായ മൂന്ന് കുരുന്നുകളെയും കഷ്ടപ്പാടിന്റെ വേദനകളിലേക്ക് തള്ളാതെ നമ്മുടെ കരുതല്‍ അവര്‍ക്ക് നേരിട്ടെത്തിക്കാമെന്നും അഭ്യര്‍ത്ഥനയിലുണ്ട്. കുട്ടിയുടെ അച്ഛന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കാനാണ് നിര്‍ദ്ദേശം. സാമ്ബത്തിക സമാഹരണം ഹിന്ദു സേവാ സംഘം സാക്ഷ്യപ്പെടുത്തിയതാണെന്നും വിവരങ്ങള്‍ ആവശ്യമാണെങ്കില്‍ ഒപ്പം നല്‍കിയിട്ടുള്ള ഹിന്ദു സേവാസംഘത്തിന്റെ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണെന്നും സന്ദേശത്തില്‍ പറയുന്നു.

Signature-ad

ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ എറണാകുളം പോക്സോ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ആലുവയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരോ ചിത്രമോ വെളിപ്പെടുത്തുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് എറണാകുളം റൂറല്‍ പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊലീസിന്റെ മുന്നറിയിപ്പ് പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ കഴിയുന്നതിനുമുമ്ബേയാണ് ഹിന്ദു സേവാകേന്ദ്രം കോടതിയുടെയും പൊലീസിന്റെയും നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി സമൂഹമാധ്യമങ്ങളില്‍ കൊല്ലപ്പെട്ട കുട്ടിയുടെയും അച്ഛന്റെയുമൊക്കെ പേരുവിവരങ്ങളും വിശദാംശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ പേര്, അച്ഛന്റെ പേര്, ബാങ്ക് വിവരങ്ങള്‍, ഫോണ്‍ നമ്ബര്‍ എന്നിവ സഹിതമാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള അഭ്യര്‍ത്ഥന. ഗൂഗിള്‍ പേ നമ്ബറും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Back to top button
error: