റിയാദ്: സൗദി അറേബ്യയിൽ 2030 ഓടെ ടൂറിസം രംഗത്ത് 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടൂറിസം മന്ത്രാലയത്തിന് പദ്ധതിയുള്ളതായി മാനവശേഷി വികസനകാര്യങ്ങൾക്കുള്ള മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് ബശ്നാഖ് പറഞ്ഞു. 2020 ൽ ടൂറിസം മന്ത്രാലയം ആരംഭിച്ച പരിശീലന പരിപാടിയിലൂടെ മൂന്നു വർഷത്തിനിടെ അഞ്ചു ലക്ഷം സൗദി പൗരന്മാർക്ക് പരിശീലനം ലഭ്യമാക്കി.
പദ്ധതിയുടെ ഭാഗമായി 90 ലേറെ പരിശീലന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ടൂറിസം മേഖലയിലെ 198 ഉന്നത ജീവനക്കാർ എക്സിക്യൂട്ടീവ് മാസ്റ്റേഴ്സ് പ്രോഗ്രാം നേടി. ടൂറിസം മേഖലയിലെ സ്വദേശിവല്‍ക്കരണം തൊഴിലുകൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഉന്നത തസ്തികകളിൽനിന്നും ആരംഭിക്കണമെന്ന് മന്ത്രാലയം വിശ്വസിക്കുന്നു. ഉന്നത തസ്തികകളിൽ ജോലി ചെയ്യാൻ സൗദികൾ യോഗ്യരാണെന്നും മുഹമ്മദ് ബശ്നാഖ് പറഞ്ഞു.