ശരീരവണ്ണം കൂടുന്നത് എപ്പോഴും അനാരോഗ്യകരമായ അവസ്ഥയല്ല. മിക്കവരും- വണ്ണം കൂടുന്നത് തന്നെ മോശമാണെന്ന ധാരണയിലാണ് മുന്നോട്ടുപോകുന്നത്. സൗന്ദര്യവുമായി ബന്ധപ്പെട്ട് ഓരോരുത്തർക്കുമുള്ള അഭിരുചി അനുസരിച്ച് വണ്ണം കുറയ്ക്കുകയോ കൂട്ടുകയോ എല്ലാം ചെയ്യാം. പക്ഷേ വണ്ണമിത്തിരി കൂടുന്നതോടെ ആരോഗ്യം പോയി എന്ന ചിന്ത വേണ്ട. അതേസമയം അമിതവണ്ണം അനാരോഗ്യകരമാണെന്ന ഓർമ്മയും വേണം. തീരെ വണ്ണമില്ലാതിരിക്കുന്നതും ചിലപ്പോൾ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. അതുപോലെ തന്നെ സൗന്ദര്യത്തിൻറെ കാര്യത്തിലേക്ക് വന്നാലും ചിലർക്ക് അൽപം കൂടി വണ്ണം വേണമെന്ന ആഗ്രഹമുണ്ടാകാം. അങ്ങനെയെങ്കിൽ ആരോഗ്യകരമായി വണ്ണം കൂട്ടാൻ എന്ത് ചെയ്യാം?
ആരോഗ്യകരമായ ഭക്ഷണങ്ങൾ തന്നെ കഴിച്ചാൽ മതി. ഇത്തരത്തിൽ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ…
- വൈറ്റ് റൈസ് പതിവായി കഴിച്ചാൽ ശരീരഭാരം കൂട്ടാൻ സാധിക്കുന്നതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന കലോറിയുടെയും കാർബോഹൈഡ്രേറ്റിൻറെയും അളവ് തന്നെ. ഒരു കപ്പ് വൈറ്റ് റൈസ് (വേവിച്ചതിൽ) 204 കലോറിയും 44 ഗ്രാം കാർബുമാണുള്ളത്. ഇതിനൊപ്പം ഫൈബർ, വൈറ്റമിനുകൾ, ധാതുക്കൾ എല്ലാം ഉള്ളതിനാൽ ഇതുകൊണ്ട് ഗുണങ്ങളുമുണ്ട്. എന്നാൽ ചോറ് അമിതമായാൽ വണ്ണവും അതിന് അനുസരിച്ച് കൂടാം. പ്രത്യേകിച്ച് വ്യായാമമില്ലാത്തവർക്ക്.
- പീനട്ട് ബട്ടർ, ആൽമണ്ട് ബട്ടർ പോലുള്ള നട്ട് ബട്ടറുകളും ആരോഗ്യകരമായി വണ്ണം കൂട്ടാൻ സഹായിക്കുന്നവയാണ്. ഇവയിലുള്ള ഉയർന്ന കലോറി തന്നെ വണ്ണം കൂടുന്നതിന് സഹായിക്കുന്നത്. പ്രോട്ടീൻ, വൈറ്റമിനുകൾ, ആൻറി-ഓക്സിഡൻറ്സ് തുടങ്ങി പല പോഷകഘടകങ്ങളും നട്ട് ബട്ടറുകളിലുണ്ട്.
- ഗ്രനോളയും ആരോഗ്യകരമായി വണ്ണം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ്. ഗ്രനോള ബാർ പലപ്പോഴും വർക്കൗട്ടിനോട് അനുബന്ധമായി പലരും കഴിക്കാറുണ്ട്. അതുപോലെ ബ്രേക്ക്ഫാസ്റ്റായും കഴിക്കാറുണ്ട്. ഇതും കലോറിയാൽ സമ്പന്നമായ ഭക്ഷണമാണ്. കാരണം ഗ്രനോളയിൽ ധാന്യങ്ങൾ, നട്ടസ്, സീഡ്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിങ്ങനെയുള്ള ചേരുവകളാണ് അടങ്ങിയിട്ടുള്ളത്.
- പാലിൽ തന്നെ ഇന്ന് പല ഓപ്ഷനുകളും നമുക്കുണ്ട്. ടോൺഡ് മിൽക്ക്, സ്കിംഡ് മിൽക്ക് എന്നിങ്ങനെയെല്ലാം. പക്ഷേ ഇങ്ങനെ പ്രോസസ് ചെയ്ത് വരുന്ന പാലിൽ നിന്ന് പോഷകങ്ങൾ നഷ്ടപ്പെട്ട് പോകാനാണ് സാധ്യത കൂടുതൽ. അതുകൊണ്ട് കഴിയുന്നതും ഫുൾ ഫാറ്റ് മിൽക്ക്- അതായത് പ്രോസസ് ചെയ്യാത്ത പാലും പാലുത്പന്നങ്ങളും തന്നെ കഴിക്കുന്നതാണ് ആരോഗ്യകരം. മിതമായ രീതിയിൽ ഇവ പതിവായി കഴിക്കുന്നതും ഹെൽത്തിയായി വണ്ണം കൂട്ടാൻ സഹായിക്കും.
- വണ്ണം ഇത്തിരി കൂടി കൂട്ടണം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോട് നേന്ത്രപ്പഴം കഴിക്കാൻ നിർദേശിക്കുന്നവർ ഏറെയാണ്. നേന്ത്രപ്പഴം കഴിച്ചാൽ സത്യത്തിൽ വണ്ണം വയ്ക്കുമോ എന്ന കാര്യം പലർക്കും അറിയില്ല. നേന്ത്രപ്പഴം പതിവായി കഴിച്ചാൽ അത് തീർച്ചയായും ശരീരഭാരം കൂട്ടുന്നതിന് സഹായിക്കും. ഇതിലുള്ള കലോറിയും കാർബോഹൈഡ്രേറ്റും തന്നെയാണ് വണ്ണം കൂട്ടാൻ സഹായിക്കുന്നത്. ഫൈബർ, പൊട്ടാസ്യം, പ്രോട്ടീൻ എന്നിങ്ങനെ നമുക്ക് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും സ്രോതസ് കൂടിയാണ് നേന്ത്രപ്പഴം.