ദില്ലി: കേന്ദ്ര സർക്കാരിനെതിരായ പാർലമെന്റിലെ അവിശ്വാസ പ്രമേയത്തിൽ ചർച്ച അടുത്തയാഴ്ച. എട്ട് മുതൽ പത്ത് വരെ പാർലമെൻറിൽ ചർച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പത്താം തിയ്യതി മറുപടി പറയും. വർഷകാല സമ്മേളനത്തിൻറെ ആദ്യ ദിനം മുതൽ മണിപ്പൂർ കലാപത്തിൽ ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ആവശ്യം അംഗീകരിക്കാഞ്ഞതോടെ പ്രതിപക്ഷം ലോക്സഭയിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുകയായിരുന്നു.
‘ഇന്ത്യ സഖ്യ’ത്തിനായി കോൺഗ്രസ് ലോക്സഭ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗോഗോയ് നൽകിയ അവിശ്വാസ പ്രമേയത്തെ ടിഎംസിയും ബിആർഎസും ഇടത് പാർട്ടികളും പിന്തുണച്ചു. കേവല ഭൂരിപക്ഷമുള്ള മോദി സർക്കാരിന് അവിശ്വാസ പ്രമേയത്തിൽ ആശങ്കയില്ല. എന്നാൽ ‘ഇന്ത്യ സഖ്യം’ രൂപികരിച്ച ശേഷമുള്ള ആദ്യ അവിശ്വാസ പ്രമേയമായതിനാൽ പ്രതിപക്ഷ ഐക്യത്തിൻറെ ശക്തി വെളിപ്പെടുത്തുന്നതാകും പ്രമേയത്തിലെ വോട്ടെടുപ്പ്. മണിപ്പൂർ വിഷയത്തിന്മേൽ സഭയിൽ സംസാരിക്കാതിരിക്കുന്ന നരേന്ദ്ര മോദിയെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ സഭയിലെത്തിക്കാമെന്നത് കണക്കുകൂട്ടിയാണ് പ്രമേയം കൊണ്ടുവരുന്നത്. 2018ൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ 126 നെതിരെ 325 വോട്ടുകൾക്ക് അത് പരാജയപ്പെട്ടത്.
ഇന്നും മണിപ്പൂർ വിഷയത്തിൽ വലിയ പ്രതിഷേധമാണ് പാർലമെൻറിൽ ഉയർന്നത്. ലോക്സഭയും രാജ്യസഭയും ചേർന്നപ്പോൾ തന്നെ ചർച്ച ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രി സഭയിൽ സംസാരിക്കണമെന്നും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും രാജ്യസഭയിൽ പ്രതിപക്ഷം വീണ്ടും ആവശ്യപ്പെട്ടു. ഹ്രസ്വ ചർച്ചക്ക് സമയം അനുവദിച്ചിട്ടും പ്രതിപക്ഷം ചർച്ചക്ക് തയ്യാറാില്ലെന്ന് രാജ്യസഭ അധ്യക്ഷൻ കുറ്റപ്പെടുത്തി. എന്നാൽ ഗൗരവതരമായ വിഷയമാണെന്നും ചട്ടം 267 അനുസരിച്ച് സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നുമാണ് രാജ്യസഭയിൽ പ്രതിപക്ഷ നിലപാട്.