CrimeNEWS

വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും പിതാവും അറസ്റ്റില്‍

മൂന്നാർ: വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവും പിതാവും അറസ്റ്റിൽ. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനിൽ പി.ഹരിഹരസുതൻ (36), പിതാവ് എം.പരമൻ (67) എന്നിവരെയാണ് മൂന്നാർ എസ്എച്ച്ഒ രാജൻ.കെ അരമനയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇരുവരെയും ദേവികുളം കോടതിയിൽ ഹാജരാക്കിയ റിമാന്റു ചെയ്തു. യൂത്ത് കോൺഗ്രസ് മാട്ടുപ്പെട്ടി മുൻ മണ്ഡലം പ്രസിഡന്റാണ് ഹരിഹരസുതൻ.

ശനിയാഴ്ച വൈകിട്ട് മാട്ടുപ്പെട്ടി ഇക്കോ പോയിന്റിൽ വച്ചാണ് സംഭവം. തിരുവനന്തപുരം മാണിക്യവിള സ്വദേശികളായ 18 അംഗ സംഘം ഇക്കോ പോയിന്റ് സന്ദർശനത്തിനെത്തിയിരുന്നു. ഇവരുടെ ഗ്രൂപ്പ് ഫോട്ടോ ആവശ്യപ്പെട്ട പ്രകാരം സ്റ്റിൽ ഫോട്ടോഗ്രാഫർമാർ പകർത്തി. പിന്നീട് ചിത്രങ്ങളുടെ ചാർജ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ ഫോട്ടോഗ്രാഫർമാർ സംഘം ചേർന്ന് ക്യാമറ ഉപയോഗിച്ച് സന്ദർശകരിലൊരാളായ എ.അൽജർസാദ് എന്നയാളെയും ഒരു സ്ത്രീയെയും ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് പരാതി.

Signature-ad

ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് എസ്‌ഐ അജേഷ് കെ.ജോണിന്റെ നേത്യത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയത്. പരുക്കേറ്റവർ ചൂണ്ടി കാണിച്ച ഒരാളെ പൊലീസ് വാഹനത്തിൽ കയറ്റിയതോടെയാണ് വഴിയോര കച്ചവടക്കാരും ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെയുള്ളവർ ചേർന്ന് പൊലീസിനെ ആക്രമിച്ചത്. എസ്‌ഐയുടെ നെയിംബോർഡ് ഉൾപ്പെടെ ഇവർ കീറി നശിപ്പിച്ചു. സംഭവങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്ന വനിതാ ഉദ്യോഗസ്ഥ സിന്ധുവിന്റെ കൈയിൽ നിന്നും ബലമായി ഫോണും സംഘം പിടിച്ചു വാങ്ങി. ഇതിനിടയിലാണ് സംഘത്തിൽ പെട്ട ഹരിഹരസുതനെയും പിതാവിനെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെ മറ്റുളളവർ രക്ഷപ്പെട്ടു. സഞ്ചാരികളെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Back to top button
error: