തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും, സ്പീക്കറും, ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്‍ (95) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആറ്റിങ്ങലിലെ വക്കത്ത് ഭാനു പണിക്കര്‍-ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രില്‍ 12-ന് ജനിച്ച ഇദ്ദേഹം, സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നത്. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഡോ. ലില്ലിയാണ് വക്കം പുരുഷോത്തമന്റെ ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.
അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. രണ്ട് ടേം ലോക്‌സഭാംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോഡും വക്കം പുരുഷോത്തമന്റെ പേരിലായിരുന്നു. അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്. ധന മന്ത്രി, സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണ ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. വക്കം പുരുഷോത്തമൻ കേരളത്തിലെ ഏറ്റവും മികച്ച ഭരണകർത്താക്കളിൽ ഒരാളായിരുന്നു. കൃഷി, ആരോഗ്യം, ടൂറിസം, തൊഴിൽ, ധനകാര്യം എന്നീ വകുപ്പുകളിൽ വക്കം കയ്യൊപ്പു ചാർത്തി.
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍നിന്ന് 1970,1977,1980,1982, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലെത്തി. 1971-77, 1980-81, 2001-2004 കാലയളവില്‍ സംസ്ഥാന മന്ത്രിസഭകളിലും അംഗമായി. 1971-77 കാലത്തെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ വക്കം കൃഷി, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. തുടര്‍ന്ന് വന്ന നായനാര്‍ സര്‍ക്കാരില്‍ ആരോഗ്യ, ടൂറിസം മന്ത്രിയായി.
1982-84 കാലത്തും പിന്നീട് 2001 മുതല്‍ 2004 വരെയും അദ്ദേഹം സ്പീക്കര്‍ സ്ഥാനം വഹിച്ചു. 80 കളില്‍ പാര്‍ലമെന്റിലേക്ക് തട്ടകം മാറ്റിയ വക്കം 1984 മുതല്‍ 1991 വരെ ലോക്സഭാംഗമായിരുന്നു. 2004-ലില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു 1993-96 കാലത്ത് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്നു. 2011 മുതല്‍ 2014 വരെ മിസോറം ഗവര്‍ണറായിരുന്നു. 2014 ജൂണ്‍ 30 മുതല്‍ 2014 ജൂലൈ 14 വരെ ത്രിപുരയുടെ ഗവര്‍ണറായി അധിക ചുമതലയും വഹിച്ചിരുന്നു. തിരക്കുള്ള അഭിഭാഷകനായിരുന്ന വക്കം, ആര്‍.ശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.