KeralaNEWS

മൈക്കിന് ശേഷം ഫുട്‌ബോള്‍ ഓണ്‍ സ്‌റ്റേജ്! കളിക്കിടെ പോലീസ് വാഹനത്തില്‍ തട്ടി; പന്തുമായി ‘മാമന്‍മാര്‍’ പോയി

കൊച്ചി: കളിക്കുന്നതിനിടെ ഫുട്‌ബോള്‍ വാഹനത്തില്‍ തട്ടിയെന്നു പറഞ്ഞ് പോലീസ് പന്ത് പിടിച്ചെടുത്തതായി പരാതി. നെട്ടൂര്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടില്‍ കളിച്ച കുട്ടികളുടെ ഫുട്‌ബോള്‍ പനങ്ങാട് പോലീസ് പിടിച്ചെടുത്തെന്നാണ് ആരോപണം. പൊലീസും കുട്ടികളും തമ്മിലുള്ള വാക്കു തകര്‍ത്തിന്റെ വീഡിയോയും പുറത്തു വന്നു.

വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നത്. വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടായിരുന്നു. വാഹനം മാറ്റണമെന്നും പന്ത് കൊള്ളുമെന്നും പൊലീസിനോട് പറഞ്ഞതായി കുട്ടികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പോലീസ് അതിനു തയ്യാറായില്ല.

Signature-ad

അതിനിടെ പന്ത് പോലീസ് വാഹനത്തില്‍ കൊണ്ടു. ഇതോടെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയര്‍ത്തു. പിന്നാലെ ഫുട്‌ബോള്‍ ജീപ്പിലിട്ട് പോലീസ് കൊണ്ടുപോയി. പന്ത് തിരിച്ചു തരാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ പന്തുമായി പോലീസ് പോയെന്നാണ് പരാതി.

അതേസമയം, നേരത്തെ ലഹരിക്കേസില്‍ പ്രതിയായ യുവാവും ഗ്രൗണ്ടിലുണ്ടായിരുന്നു. ഇയാള്‍ മനപൂര്‍വം പന്ത് വാഹനത്തിലേക്ക് അടിച്ചതാണെന്നു പോലീസ് പറയുന്നു. കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നതിനു പോലീസ് എതിരല്ല. സ്റ്റേഷനില്‍ വന്ന് കുട്ടികള്‍ക്ക് എപ്പോള്‍ വേണെമെങ്കിലും പന്ത് കൈപ്പറ്റാമെന്നും പോലീസ് വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസ്സപ്പെട്ടതിന് മൈക്കും കേബിളും ആംപ്ലിഫയറും തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ വിവാദമായിരുന്നു. കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിനിടെയാണ് സംഭവം. എന്നാല്‍, വിവാദമായതോടെ കേസെടുക്കേണ്ടതില്ലെന്നും തുടര്‍ നടപടി വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

 

 

 

Back to top button
error: