തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണവുമായി ഹൈക്കോടതിയിൽ ഹർജി നൽകിയ ഐജി ലക്ഷ്മണനെതിരെ നടപടിക്ക് സർക്കാർ നീക്കം. സർവ്വീസിലുള്ള ഉയർന്ന ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിക്കുന്നത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം.
ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മോൻസൻ മാവുങ്കൽ കേസിൽ പ്രതിസ്ഥാനത്തുള്ള ഐജിയുടെ വിടുതൽ ഹർജിയിലെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. കേസിൽ നിന്നും രക്ഷപ്പെടാനുള്ള പ്രതിയുടെ ആരോപണത്തിനപ്പുറം ഐജിയുടെ ഹർജിക്ക് മാനങ്ങളുണ്ട്. ലക്ഷ്മണനെതിരെ കൂടുതൽ നടപടികൾക്കാണ് ആഭ്യന്തരവകുപ്പ് നീക്കം. കേസിൻറെ ഭാഗമായി നാളെ വീണ്ടും ക്രൈംബ്രാഞ്ച് വിളിപ്പിക്കും. ജാമ്യം കൊടുക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ലക്ഷമണനെ വിട്ടയച്ചത്. പക്ഷെ സർവ്വീസിലിരിക്കെ ക്രിമിനൽ കേസിൽ അറസ്റ്റുണ്ടായാൽ സസ്പെൻഡ് ചെയ്യാൻ സാധ്യതയേറെയാണ്. ഒപ്പം ലക്ഷ്മണൻ ഉൾപ്പെട്ട മറ്റ് ആരോപണങ്ങളിൽ ഉടൻ വിശദമായ അന്വേഷണം നടത്തി കേസെടുക്കാനും നീക്കങ്ങളുണ്ട്.
അതേ സമയം, മോൻസൻ കേസ് ആദ്യം വന്നപ്പോൾ ലക്ഷ്മണനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നില്ല. എന്നാൽ കെപിസിസി പ്രസിഡന്റിനെ പ്രതിയാക്കിയതിന് പിന്നാലെയായിരുന്ന ലക്ഷ്ണമണനെ പ്രതിയാക്കിയത്. മോൻസനുമായി ബന്ധമുണ്ടായിരുന്ന മുൻ പൊലീസ് മേധാവിക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. തന്നെ ബോധപൂർവ്വം പ്രതിയാക്കിയെന്ന ആരോപണം ഉയർത്തുന്ന കെ. സുധാകരനും പിടിവള്ളിയാണ് ഐജിയുടെ ആരോപണം. കേസുകളിലെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ഇടപെടുന്നുവെന്ന ആരോപണം നിരന്തരമായി പ്രതിപക്ഷവും ഉയർത്തുന്നതാണ്. ആരോപണത്തിനപ്പുറം ഐ ജി ‘ഇടപെടലിൽ’ എന്തെങ്കിലു തെളിവ് നിരത്തുമോ എന്നുള്ളതും നിർണ്ണായകം.