കോഴിക്കോട്: വകുപ്പുമന്ത്രി വി. അബ്ദുറഹിമാനുമായുള്ള ശീതയുദ്ധത്തിനൊടുവില്‍ മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ ടി.കെ. ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്തേക്ക്. ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ സി.പി.എം. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഹംസ രാജിക്കൊരുങ്ങുന്നത്.
മന്ത്രിയുടെ ഇടപെടലുകളില്‍ അതൃപ്തിപ്രകടിപ്പിച്ച് നേതൃത്വത്തെ സമീപിച്ചെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി കൈവിടുകയായിരുന്നുവെന്നാണ് സൂചന. മുതിര്‍ന്നനേതാവായ ഹംസയ്ക്കും മന്ത്രിക്കുമിടയിലെ മൂപ്പിളമത്തര്‍ക്കം ബോര്‍ഡില്‍ പ്രതിസന്ധിയുണ്ടാക്കുന്നതായി നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്നുകാണിച്ച് അംഗങ്ങളായ എം.സി. മായിന്‍ഹാജി, പി. ഉബൈദുള്ള എം.എല്‍.എ., പി.വി. സൈനുദ്ദീന്‍ എന്നിവര്‍ നല്‍കിയ കത്ത് പരിഗണിച്ച് ഓഗസ്റ്റ് ഒന്നിന് ബോര്‍ഡ് യോഗംചേരുന്നുണ്ട്. ഇതിനുമുമ്പ് ചെയര്‍മാന്റെ രാജിയുണ്ടാവുമെന്നാണ് കരുതുന്നത്. ഹംസയ്ക്ക് കാലാവധി തീരാന്‍ ഒന്നരവര്‍ഷത്തോളം ബാക്കിയുണ്ട്.
തിരുവനന്തപുരത്ത് മന്ത്രി വിളിച്ചുചേര്‍ത്തയോഗങ്ങളില്‍ ഹംസ പങ്കെടുക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. യോഗത്തില്‍ പങ്കെടുക്കാത്തത് ഗുരുതരമായ കൃത്യവിലോപമായി കാണുന്നുവെന്ന പരാമര്‍ശമുള്ള യോഗത്തിന്റെ മിനുട്സും ഇതിനിടെ പുറത്തുവന്നു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം ദുര്‍ബലപ്പെടുത്തിയതിനുശേഷം പുതിയ നിയമം രൂപപ്പെടുത്താന്‍ നിര്‍ദേശിച്ചെങ്കിലും കാര്യമായ പ്രവര്‍ത്തനം നടത്താത്തത് വഖഫ് ബോര്‍ഡിന്റെ വീഴ്ചയാണെന്നും മിനുട്സില്‍ പറയുന്നുണ്ട്.
മിനുട്സ് പുറത്തുവന്നതിനു പിന്നാലെ വകുപ്പ് സെക്രട്ടറി ബോര്‍ഡിന്റെ എറണാകുളത്തുള്ള ആസ്ഥാനത്ത് പരിശോധന നടത്തിയതോടെ പ്രശ്‌നം രൂക്ഷമായി. വഖഫ് ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ട് ഹെഡ് ഓഫീസായ എറണാകുളത്തുനിന്ന് മണ്ണുത്തിയിലെ ബാങ്കിലേക്ക് മാറ്റിയതും തര്‍ക്കത്തിനിടയാക്കിയിരുന്നു. പതിവിനുവിരുദ്ധമായി ഹംസ ചെയര്‍മാനായിരിക്കേ പി.എയെ നിയമിച്ചത് അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താണ് പിന്നീട് വിട്ടുവീഴ്ചചെയ്തത്. ചെയര്‍മാന്‍സ്ഥാനം രാജിവെക്കേണ്ടിവരുമെന്ന ഘട്ടമെത്തിയതോടെ പി.എആയി നിയമിച്ച ആള്‍ക്ക് മലപ്പുറം ഡിവിഷണല്‍ ഓഫീസില്‍ എല്‍.ഡി. ക്ലാര്‍ക്കായി താത്കാലികനിയമനം നല്‍കിയെന്ന ആരോപണവും വിവാദമാവുന്നുണ്ട്.
മന്ത്രിക്കും ചെയര്‍മാനുമിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ കാരണം ബോര്‍ഡിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയെന്നാണ് പ്രധാന പരാതി. സാമൂഹികക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗം ഒരു വര്‍ഷത്തിലധികമായി വിളിച്ചുചേര്‍ത്തിട്ടില്ലെന്ന് ബോര്‍ഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീന്‍ പറഞ്ഞു. വിവാഹസഹായധനത്തിനും ചികിത്സാസഹായത്തിനും പെന്‍ഷനുമുള്ള ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട വിധവകളുടെ മക്കള്‍ക്കുള്ള സഹായധനം, അര്‍ബുദമുള്‍പ്പെടെയുള്ള രോഗബാധിതര്‍ക്കുള്ള ചികിത്സാസഹായം, അനാഥാലയങ്ങള്‍ക്കുള്ള സഹായം, ഉസ്താദുമാര്‍ക്കുള്ള പെന്‍ഷന്‍ എന്നിവയൊക്കെയാണ് ബോര്‍ഡിന്റെ സാമൂഹികസേവനപദ്ധതികളില്‍ പ്രധാനം. ഇതൊക്കെയും ഇപ്പോഴത്തെ ബോര്‍ഡ് വന്നശേഷം മുടങ്ങിക്കിടക്കുകയാണെന്നാണ് ആക്ഷേപം.