കൊച്ചി:ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഏഴരയോടെ, കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
കീഴ്മാട് പൊതുശ്മശാനത്തിലാണ് സംസ്കാരം.വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണ്. കൃത്യം നടത്തിയത് അസ്ഫാക് തനിച്ചാണെന്നും കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്നുമാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു.
അതേസമയം അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ അസഫാക് ആലം കേരളത്തില്‍ എത്തിയത് ഒന്നര വര്‍ഷങ്ങള്‍ക്ക് മുൻപെന്ന് പൊലീസ് പറഞ്ഞു.വിവിധയിടങ്ങളില്‍ നിര്‍മ്മാണ തൊഴിലാളിയായും മറ്റും ജോലി ചെയ്ത ഇയാള്‍ ഒരു മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ പ്രതി കൂടിയാണെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് കൃത്യമായ അന്വേഷണം നടത്തിയെന്നും, പ്രതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയിലുണ്ട് അയാള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്നും വിവേക് കുമാര്‍ പറഞ്ഞു.