കണ്ണൂര്‍: പി ജയരാജന്റെ മോര്‍ച്ചറി പ്രയോഗം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും ഗോവിന്ദന് വ്യക്തമാക്കി. ഇങ്ങോട്ട് ഏതെങ്കിലും രീതിയിലുളള കടന്നാക്രമണം ആരെങ്കിലും നടത്തിയാലും അങ്ങോട്ട് അതേ രീതിയില്‍ പ്രതികരിക്കേണ്ടെന്നാണ് സിപിഎം നിലപാടെന്നും, പ്രകോപനം ഉണ്ടാക്കി മനപ്പൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി. ജയരാജനും ബിജെപിയും കഴിഞ്ഞ ദിവസം നേര്‍ക്കുനേര്‍ വാക്ക്പോര് നടത്തിയത്. ഈ മാസം ഇരുപത്തിയൊന്നിന് കുന്നത്തുനാട് വെച്ച് ഷംസീര്‍ നടത്തിയ പ്രസംഗമാണ് കൊലവിളികള്‍ക്ക് ആധാരം. പ്രസംഗത്തില്‍ ഹൈന്ദവ വിശ്വാസത്തെ സ്പീക്കര്‍ അവഹേളിച്ചെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു. തലശ്ശേരി എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ യുവമോര്‍ച്ച ജന.സെക്രട്ടറി കെ.ഗണേഷ് കൈവെട്ടല്‍ സംഭവുമായി ചേര്‍ത്ത് ഷംസീറിനെതിരെ ഭീഷണി മുഴക്കി. ഷംസീറിന് കൈവെട്ട് കേസിലെ ജോസഫ് മാഷിന്റെ ഗതി വരുമെന്നായിരുന്നു യുവമോര്‍ച്ച നേതാവ് ഗണേഷിന്റെ പ്രകോപന പ്രസംഗം. മതം പറഞ്ഞുളള വിവാദ പ്രയോഗങ്ങള്‍ വേറെയുമുണ്ടായി.
പിന്നാലെ, ഷംസീറിനെതിരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി ജയരാജന് ഭീഷണി മുഴക്കി. പിന്നാലെ പരസ്യ കൊലവിളി നടത്തിയ ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തി. ജയരാജനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോര്‍ച്ച കണ്ണൂര്‍ എസ്പിക്ക് പരാതിയും നല്കി. എന്നാല്‍, പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന് വിശദീകരിക്കുന്നത്. ഫലത്തില്‍ ജയരാജനെ എം.വി ഗോവിന്ദന് തള്ളുന്നു.