CrimeNEWS

മനം തകർന്ന് കേരളം; അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ‘മകളെ മാപ്പ്’ പറഞ്ഞ് കേരള പൊലീസ്

ആലുവ: കാണാതായ അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കേരള മനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നു. കാണാതായ പെൺകുട്ടിയെ ജീവനോടെ കണ്ടെത്താനാകാത്തതിൽ വേദന പങ്കുവച്ച് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ‘മകളെ മാപ്പ്’ എന്നാണ് കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചത്. 5 വയസുകാരിയെ ജിവനോടെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായെന്നും കുട്ടിയെ തട്ടികൊണ്ടുപോയ പ്രതി അറസ്റ്റിലായെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു.

അഞ്ചുവയസുകാരിയുടെ ദാരുണ കൊലപാതകത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി മന്ത്രിമാരടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകം ദാരുണ സംഭവമെന്നാണ് മന്ത്രി പി രാജീവ്‌ പറഞ്ഞത്. പ്രതിയെ വേഗത്തിൽ പിടികൂടി. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്നാണ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞത്. കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Signature-ad

അതേസമയം, കേസിൽ കൂടുതൽ പ്രതികരണവുമായി ഡി ഐ ജി ശ്രീനിവാസ് രം​ഗത്തെത്തി. ആറുമണിക്ക് പ്രതി അടിപിടി കൂടുമ്പോൾ കുട്ടി കൂടെയില്ലെന്ന് ഡി ഐ ജി ശ്രീനിവാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റാരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തെ കുറിച്ച് കൂടുതൽ പറയാനാവില്ല. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും ഡി ഐ ജി പറഞ്ഞു. പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നുമാണ് എസ് പി മാധ്യമങ്ങളോട് പറഞ്ഞത്.

Back to top button
error: