KeralaNEWS

പി ജയരാജ​ന്റെ ‘മോർച്ചറി’ പ്രയോ​ഗം: പിജെയുടേത് പ്രാസഭംഗിയുള്ള പ്രയോഗമെന്നും ഇപി

കണ്ണൂർ: ‘മോർച്ചറി’ പ്രയോഗത്തിൽ പി ജയരാജനെ ന്യായീകരിച്ച് ഇടത് മുന്നണി കൺവീന‍ർ ഇ പി ജയരാജൻ രംഗത്ത്. പി ജയരാജന്റേത് ഭാഷാ ചാതുര്യത്തിൻറെ ഭാഗമായുള്ള പ്രയോഗമാണെന്നും മോർച്ചയോട് ചേർത്ത് മോർച്ചറി പറഞ്ഞത് ഭാഷാ പ്രയോഗമാണെന്നും ഇ പി അഭിപ്രായപ്പെട്ടു. പി ജയരാജന്റേത് പ്രാസഭംഗിയുള്ള പ്രയോഗമാണെന്നും അതിന്റെ പേരിൽ വർഗീയ പ്രചരണം നടത്തുകയാണ് ചിലരെന്നും ഇ പി കൂട്ടിച്ചേർത്തു. പി ജയരാജൻ മോ‍ർച്ചറി പ്രയോഗം അവതരിപ്പിച്ചത് തമാശ രൂപേണയാണെന്നും എൽ ഡി എഫ് കൺവീനർ അഭിപ്രായപ്പെട്ടു. ആളുകളെ വെട്ടിയും കൊന്നും ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയില്ല എന്ന് എല്ലാവരും മനസിലാക്കണം. ആർ എസ് എസിൻറെ ക്രൂരത നേരിട്ടയാളാണ് പി ജയരാജൻ. അതിൻറെ വികാരം അദ്ദേഹത്തിൻറെ പ്രസംഗത്തിലുണ്ടാകുമെന്നും ഇ പി വിവരിച്ചു.

സ്പീക്ക‍ർ എ എൻ ഷംസീറിന്റെ പ്രസംഗം തെറ്റല്ലെന്നും ഇ പി പറഞ്ഞു. ഒരു ദൈവത്തെയും ഷംസീർ ആക്ഷേപിച്ചിട്ടില്ലെന്നും മുസ്ലിം വിരുദ്ധ നിലപാടാണ് ഷംസീറിനെതിരെ യുവമോർച്ച എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ആണെന്ന ഒറ്റ കാരണം കൊണ്ടാണ് ഷംസീറിനെ ഇക്കൂട്ടർ ലക്ഷ്യമിടുന്നതെന്നും ഇ പി അഭിപ്രായപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം കഴിഞ്ഞ അഞ്ചാറു വർഷമായി സമാധാനപരമാണ്. സമാധാനം തകർക്കുന്നവർക്ക് എതിരെയാണ് പൊതുവികാരം. സി പി എം ഇടപെട്ടത് സമാധാനം കാത്തുസൂക്ഷിക്കാനാണ്. അതിന്റെ ഫലമായാണ് കണ്ണൂർ ശാന്തമായതെന്നും ഇ പി അഭിപ്രായപ്പെട്ടു.

Back to top button
error: