റാന്നി:യാത്രക്കാരെ വലച്ച് റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ.മഴയത്തും വെയിലത്തും സ്റ്റാൻഡിൽ കയറാനാകില്ല.
ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിനോടു ചേർന്ന് പഴവങ്ങാടി പഞ്ചായത്ത് താൽക്കാലികമായി വിട്ടുകൊടുത്ത സ്ഥലത്താണ് ബസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.പത്തനംതിട്ട ഡിപ്പോയുടെ സബ് സെന്റർ മാത്രമാണിത്. സെന്റർ ഉദ്ഘാടനം ചെയ്തപ്പോൾ യാഡിൽ ടാറിങ് നടത്തിയിരുന്നു. പിന്നീട് യാതൊരു അറ്റകുറ്റപ്പണിയും ഇതുവരെ നടത്തിയിട്ടില്ല.
വയൽ മണ്ണിട്ടു നികത്തിയ സ്ഥലത്താണ് സെന്ററിന്റെ പ്രവർത്തനം. മഴയിൽ ബസുകൾ കയറിയിറങ്ങി അടിത്തട്ടിലെ ചെളിയെല്ലാം ഉപരിതലത്തിലെത്തിയപ്പോൾ ടാറിങ് തകർന്നതാണ്. പിന്നാലെ കുഴികൾ രൂപപ്പെട്ടു തുടങ്ങി. ഇപ്പോൾ ഇഡലിത്തട്ടുപോലെ കിടക്കുകയാണ് യാഡ്. ബസുകൾ ആടിയുലഞ്ഞാണ് ഇതിനുള്ളിലൂടെ കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ഭൂരിപക്ഷം ബസുകളും സ്റ്റാൻഡിൽ കയറാറില്ല. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തി യാത്രക്കാരെ കയറ്റി പോകുകയാണ്. മഴ പെയ്തതോടെ യാഡ് പൂർണമായും ചെളിയിലുമായി.
വെയിലുദിക്കുമ്പോൾ കുഴികളിലെ വെള്ളം വറ്റും. പിന്നീട് പൊടി പറന്നു തുടങ്ങും. കണ്ണിൽ പൊടി നിറയാതെ യാത്രക്കാർ ഓടിമാറുകയാണ്. യാത്രക്കാർക്കു കയറി നിൽക്കാൻ കാത്തരിപ്പു കേന്ദ്രവുമില്ല.കടതിണ്ണകളാണ് അവർക്കാശ്രയം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡിപ്പോകൾ ഉൾപ്പെടുന്ന ദക്ഷിണ മേഖലയിൽ ലക്ഷ്യമിട്ടതിന്റെ 100 ശതമാനത്തിനു മുകളിൽ വരുമാനം നേടിയ ഡിപ്പോകളുടെ കൂട്ടത്തിലാണ് റാന്നിയുടെയും സ്ഥാനം.എന്നാൽ ഇന്ന് ബസ്സ്റ്റാൻഡ് കണ്ടാൽ ആരും കയറാൻ മടിക്കും.നിറയെ കുഴികളാണ്. മഴ പെയ്താൽ ചെളിക്കുളവും മഴ മാറിയാൽ പൊടിശല്യവുമാണ്. ജീവനക്കാർക്ക് വിശ്രമിക്കാനോ യൂണിഫോം മാറാനുള്ള സൗകര്യങ്ങൾപോലും ഇവിടെ ഇല്ല.