നവതിയാഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. കോട്ടക്കൽ ആയൂർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു എം ടി. രാഹുൽ ഗാന്ധിയും കോട്ടയ്ക്കൽ ആയൂർവേദ ശാലയിൽ ചികിത്സയിലാണ്. എം.ടിയും രാഹുലും കണ്ടുമുട്ടിയപ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധിക്ക് എം ടി ഒരു സമ്മാനവും നൽകി, ഒരു പേനയാണ് രാഹുലിന് എം ടി നൽകിയത്. എം ടിയുടെ പുസ്തങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും രാഹുൽ സംസാരിച്ചു. എം ടിയുടെ പ്രസിദ്ധ ചലച്ചിത്രമായ നിർമാല്യത്തെക്കുറിച്ചും വിഖ്യാത നോവൽ രണ്ടാമൂഴത്തെക്കുറിച്ചും രാഹുൽ അദ്ദേഹത്തോട് സംസാരിച്ചു . ആരോഗ്യവും പൊതുവിഷയവുമെല്ലാം ചർച്ചയിൽ വന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫെയ്സ്‌ബുക്കിലെ ഔദ്യോഗിക പേജിൽ രാഹുൽ പങ്കുവച്ചു.
എം ടി സമ്മാനിച്ച പേന നിധി പോലെ സൂക്ഷിക്കുമെന്ന് രാഹുൽ പറഞ്ഞു. സർഗാത്മകതയുടെയും അറിവിന്റെയും പ്രതീകമാണ് എം.ടിയെന്നും രാഹുൽ പറഞ്ഞു. എല്ലാ വർഷവും കർക്കട മാസത്തിൽ ഉള്ള പതിവ് ചികിത്സയ്ക്കാണ് എം ടി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ എത്തിയത്. പതിനാല് ദിവസമാണ് ചികിത്സ.
മുട്ടുവേദനയ്ക്കുൾപ്പെടെ ആശ്വാസം തേടി കഴിഞ്ഞ വ്യാഴാഴ്ചയാണു രാഹുല്‍ ആര്യവൈദ്യശാലയിലെത്തിയത്.