വയനാട്: മാനന്തവാടി തോല്പെട്ടി നരിക്കല്ലില്‍ പുതിയപുരയില്‍ സുമിത്ര(63)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുമിത്രയുടെ മകള്‍ ഇന്ദിരയുടെ രണ്ടാംഭര്‍ത്താവ് തമിഴ്‌നാട് തിരുവണ്ണാമലൈയിലെ ഉപ്പുകോട്ടൈ മുരുകനെ (42) തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലായിരുന്നു കേസന്വേഷണം.
തോല്പെട്ടി നരിക്കല്ലിലെ വീട്ടില്‍ മകന്‍ ബാബുവും മകള്‍ ഇന്ദിരയുടെ രണ്ടുമക്കള്‍ക്കുമൊപ്പമാണ് സുമിത്രയുടെ താമസം. ഇന്ദിര വിദേശത്ത് ജോലി ചെയ്തിരുന്ന സ്ഥലത്തെ ഡ്രൈവറായിരുന്നു മുരുകന്‍. ഇന്ദിരയെ പരിചയപ്പെട്ട പ്രതി നാട്ടിലെത്തിയതിന് ശേഷം തോല്‍പ്പെട്ടിയിലെ ഇന്ദിരയുടെ വീട്ടിലായിരുന്നു താമസിച്ചുവന്നിരുന്നത്. കഴിഞ്ഞമാസം ഇന്ദിര തിരികെ വിദേശത്തേക്ക് പോയെങ്കിലും മുരുകന്‍ ഇവിടെ തന്നെ തുടര്‍ന്നു. ഇത് സുമിത്ര എതിര്‍ക്കുകയും വീട്ടില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുമിത്രയെ കഴുത്തുഞെരിച്ച് കൊന്നശേഷം കട്ടിലിലേക്ക് തള്ളിയിട്ടെന്നാണ് മുരുകന്‍ പോലീസിന് നല്‍കിയ മൊഴി. ഞായറാഴ്ച രാവിലെയാണ് സംഭവം.
കട്ടിലിന്റെ പടിയില്‍ തലയിടിച്ച് രക്തംവാര്‍ന്നുകിടന്ന സുമിത്രയെ മകന്‍ ബാബുവാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം നടക്കുന്ന സമയം ബാബു വീട്ടിലുണ്ടായിരുന്നില്ല. സുമിത്രയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു. അമ്മ തലയടിച്ച് വീണതായി കണ്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ബാബു പോലീസില്‍ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് കൂടുതല്‍ അന്വേഷിക്കുകയായിരുന്നു. തലയ്ക്കുള്ള ക്ഷതവും കഴുത്തിനേറ്റ പരിക്കുമാണ് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മുരുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ ഇയാളെ കോടതിയില്‍ ഹാജരാക്കി.