LocalNEWS

ബൈക്കിലെ പെട്രോൾ ഊറ്റിയ ശേഷം നന്മ നിറഞ്ഞ കള്ളന്റെ മാപ്പപേക്ഷ: ‘എണ്ണ എടുത്തിട്ടുണ്ട്, ഗതികേടുകൊണ്ടാണ്  കൂടെ പത്ത് രൂപയും വച്ചിട്ടുണ്ട്’

     ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, ഞങ്ങൾ 10 രൂപ ഇതിൽ വച്ചിട്ടുണ്ട്. പമ്പിൽ എത്താൻ വേണ്ടിയാണ്. പമ്പിൽ നിന്ന് കുപ്പിയിൽ എണ്ണ തരുകയില്ല. അതുകൊണ്ടാണ്…’

ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി എടുത്ത ശേഷം ബൈക്കുടമയോട് മാപ്പ് അപേക്ഷിച്ച് അജ്ഞാതൻ എഴുതിയ കത്തിലെ വരികളാണ് ഇത്.

Signature-ad

ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിലെ അധ്യാപകനായ അരുൺലാൽ കോഴിക്കോട് ബൈപ്പാസ് റോഡരികിൽ പാർക്ക് ചെയ്ത ബൈക്കിൽ നിന്നാണ് അജ്ഞാതൻ പെട്രോൾ ഊറ്റിയെടുത്തത്. മാപ്പ് ചോദിച്ചുള്ള കത്തിനൊപ്പം രണ്ട് അഞ്ച് രൂപ നാണയങ്ങളും അജ്ഞാതൻ ബൈക്കിൽ വെച്ചിട്ടുണ്ടായിരുന്നു.

കുറിപ്പിന്‍റെയും അതിനൊപ്പം വച്ചിരുന്ന രണ്ട് അഞ്ച് രൂപാ തുട്ടുകളുടെയും ചിത്രം അരുൺലാൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. തൊണ്ടയാട് പാലത്തിന്റെ താഴെ രാവിലെ നിർത്തിവെച്ച ബൈക്കിൽ നിന്നാണ് ആരോ പെട്രോൾ ഊറ്റിയെടുത്തത്.

ബൈക്ക് എടുത്ത് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറിൽ നിന്ന് നാണയ തുട്ടുകൾ താഴെ വീണത്. നോക്കിയപ്പോൾ കുറിപ്പും കണ്ടു.

‘കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ’ എന്ന വാക്കുകളോടെയാണ് അരുൺലാൽ കത്ത് പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: