കോട്ടയം: ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ ആധുനിക പൊതുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 81 ലക്ഷം രൂപ ചെലവിട്ടാണ് ശ്മശാന നിർമാണം പുരോഗമിക്കുന്നത്. ടി.വി പുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചേരിക്കൽ പ്രദേശത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. ‘ശാന്തിസ്മൃതി’ എന്ന് നാമകരണം ചെയ്ത ശ്മശാനത്തിന്റെ കെട്ടിടനിർമാണം പൂർത്തിയായി. ചുറ്റുമതിൽ നിർമാണവും ഗ്യാസ് ചേമ്പർ, ചിമ്മിനി എന്നിവ സ്ഥാപിക്കുന്നതിനായുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. കെട്ടിടം, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിനായി 48.50 ലക്ഷം രൂപയും ഗ്യാസ് ചേമ്പറിനും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കുമായി 32 ലക്ഷം രൂപയുമാണ് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്.
പട്ടികജാതി കോളനികൾ ഉൾപ്പെടെ 19 കോളനികളാണ് ടി. വി പുരം പഞ്ചായത്തിലുള്ളത്. സ്ഥല പരിമിതി മൂലവും താഴ്ന്ന പ്രാദേശങ്ങളിലെ വെള്ളക്കെട്ട് മൂലവും മരണാനന്തര ചടങ്ങുകൾക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന പ്രദേശമാണ് ടി വി പുരം. കോവിഡ് മഹാമാരി കാലത്ത് കോവിഡ് മൂലവും അല്ലാതെയുമെല്ലാം മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾക്ക് വൈക്കം നഗരസഭയുടെയും തൃപ്പൂണിത്തുറയിലേയും പൊതുശ്മശാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ടി.വി പുരത്ത് നിലനിന്നിരുന്നു. ഈ അവസ്ഥ കണക്കിലെടുത്താണ് ആധുനിക പൊതു ശ്മശാനത്തിന്റെ നിർമിക്കുന്നത്.