FeatureNEWS

ആടുകളെ തെരഞ്ഞെടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

മ്മുടെ രാജ്യത്ത് ഉപജീവനമാര്‍ഗ്ഗമായി കന്നുകാലികളെ വളര്‍ത്തുന്നവര്‍ ഏറെയാണ്. കര്‍ഷകര്‍ക്ക് പുറമെ ഗ്രാമീണ ജനതയുടെ ഉപജീവനമാര്‍ഗം കൂടിയാണവ.

ഇറച്ചിക്കും പാലിനുമായി വളര്‍ത്താൻ കന്നുകാലികള്‍ ഏറെയുണ്ടെങ്കിലും അവയില്‍ ആടുകള്‍ക്ക് പ്രിയം അല്‍പ്പം കൂടുതലാണ്. മറ്റു വളര്‍ത്തുമൃഗങ്ങളെ പോലെ തന്നെ ആടുവളര്‍ത്തലിനും ശാസ്ത്രീയ അവബോധമുണ്ടാകേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലേക്ക് കടക്കും മുമ്ബ് കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ആടുവളര്‍ത്തലിനെ കുറിച്ചുള്ള ശാസ്ത്രീയ അവബോധമുണ്ടായിരിക്കണം.

Signature-ad

നല്ലയിനം ആടുകളെ തിരഞ്ഞെടുക്കുക എന്നതാണ് ഇതിലേക്കുള്ള ആദ്യ പടി. നമ്മുടെ കാലാവസ്ഥയും സാഹചര്യങ്ങളും കണക്കിലെടുത്ത് വേണം ഏതിനം ആടുകളെയാണ് വളര്‍ത്താനായി തിരഞ്ഞെടുക്കേണ്ടത് എന്ന് നിശ്ചയിക്കാൻ. സര്‍ക്കാര്‍ ഫാമുകളില്‍ നിന്നോ സ്വകാര്യ ഫാമുകളില്‍ നിന്നോ അതാത് പ്രദേശങ്ങളിലെ കര്‍ഷകരില്‍ നിന്നോ ആട്ടിൻകുട്ടികളെ തിരഞ്ഞെടുക്കാം. പൊതുവായ ആരോഗ്യലക്ഷണങ്ങള്‍, ഇനത്തിന്റെ ഗുണമേന്മ എന്നിവയോടൊപ്പം തന്നെ ഒരു പ്രസവത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം, പ്രസവങ്ങള്‍ക്കിടയിലുള്ള ദൈര്‍ഘ്യക്കുറവ്, ശരീര വളര്‍ച്ച നിരക്ക്, പാല്‍ ഉല്‍പാദനം എന്നിവ കൂടി കണക്കിലെടുത്തു വേണം ആടുകളെ തിരഞ്ഞെടുക്കാൻ.

ആടുകളുടെ ഉല്‍പാദനം കണക്കിലെടുത്ത് അവയെ പാലുല്‍പ്പാദനത്തിനായി വളര്‍ത്തുന്നത്, ഇറച്ചിയുല്‍പാദനത്തിനായി വളര്‍ത്തുന്നത്, ഇറച്ചിക്കും പാലുല്‍പാദനത്തിനുമായി വളര്‍ത്തുന്നത് എന്നിങ്ങനെ പലതായി തരംതിരിക്കാം. കേരളത്തിന്റെ തനത് ജനുസായ മലബാറി ആടുകളെ ഇതില്‍ മൂന്നാമത്തെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ഇറച്ചിക്കൊപ്പം പാലുല്‍പാദനം കൂടി കണക്കിലെടുക്കുമ്ബോള്‍ മലബാറി ആടുകള്‍ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാകുന്നു.

കച്ചവട കേന്ദ്രങ്ങളായ കാലിച്ചന്തകളില്‍ നിന്നും ആടുകളെ വാങ്ങിക്കുന്നത് നല്ല രീതിയല്ല. വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ആടുകളെ കൂട്ടമായി നിര്‍ത്തുമ്ബോള്‍ രോഗാണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ആടുകളെ അതാതു പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാമുകളില്‍ നിന്നോ, കര്‍ഷകരില്‍ നിന്നോ നേരിട്ട് വാങ്ങിക്കുന്നതാണ് ഉത്തമം.

വ്യത്യസ്ത പ്രായത്തിലുള്ള മലബാറി ആടുകളുടെ വളര്‍ച്ച നിരക്കിനെപ്പറ്റിയും അതിനനുസരിച്ചുള്ള ശരീരഭാരത്തെക്കുറിച്ചുമുള്ള ഏകദേശ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു മലബാറി ആട്ടിൻകുട്ടിക്ക് ജനസമയത്ത് ഏകദേശം 2 കി.ഗ്രാം ഭാരം വരും. ഇവയ്ക്ക് മൂന്ന്, ആറ്, ഒൻപത് മാസങ്ങളില്‍ യഥാക്രമം 7.5, 15, 20 കി.ഗ്രാം ഭാരം വരും. ഒരു മുതിര്‍ന്ന പെണ്ണാടിന് 30 മുതല്‍ 35 വരെ കിലോഗ്രാം ഭാരവും, മുതിര്‍ന്ന ആണാടിന് 30 മുതല്‍ 40 വരെ കിലോഗ്രാം ഭാരവും ഉണ്ടായിരിക്കേണ്ടതാണ്. ആടുകളെ വാങ്ങുമ്ബോഴും വില്‍ക്കുമ്ബോഴും ശരീരഭാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

വളര്‍ത്താനായി നല്ല ആരോഗ്യമുള്ള ആടുകളെ വേണം തിരഞ്ഞെടുക്കാൻ. അതിനാല്‍ തല കുനിച്ച്‌ നില്‍ക്കുക, തീറ്റയെടുക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ വിരക്തി കാണിക്കുക, വയറിളക്കമുണ്ടാവുക, മൂക്കില്‍ നിന്നോ വായില്‍ നിന്നോ സ്രവം ഒലിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്ന ആടുകളെ ഒഴിവാക്കുക. കാലുകള്‍ ഉറച്ചതും നേരെയുള്ളതുമാകണം. ഇതുവഴി ശരിയായ നില്‍പ്പും നടത്തവും ഉറപ്പാക്കാം. സന്ധികളുടെ ബലക്കുറവ് വഴിയും കാലിന് പ്രശ്നങ്ങളുണ്ടാവാം. രോമങ്ങള്‍ തിളക്കവും മിനുസ്സവുമുള്ളതായിരിക്കണം. തിളക്കമില്ലാത്ത നിര തെറ്റിയതും എഴുന്നേറ്റ് നില്‍ക്കുന്നതുമായ രോമങ്ങള്‍ രോഗലക്ഷണങ്ങളില്‍പ്പെട്ടതാണ്.

പാലിനായി വളര്‍ത്തപ്പെടുന്നതും ഇറച്ചിക്കായി വളര്‍ത്തപ്പെടുന്നതുമായ ആട് ജനുസ്സുകള്‍ തമ്മില്‍ ശരീര ആകൃതിയില്‍ വ്യത്യാസമുണ്ടായിരിക്കും. പാലിനായി വളര്‍ത്തപ്പെടുന്ന ജനുസ്സുകള്‍ക്ക് കഴുത്തിന്റെ ഭാഗത്തുനിന്ന് പുറകോട്ട് ത്രികോണാകൃതിയും ഇറച്ചിക്കായി വളര്‍ത്തുന്നവയ്ക്ക് ചതുരാകൃതിയുമായിരിക്കും. ആടുകളിലെ മേല്‍ത്താടിയെല്ലും കീഴ്ത്താടിയെല്ലും തമ്മിലുള്ള അന്തരം കൃത്യമായിരിക്കണം. കീഴ്താടിയെല്ലിന്റെ നീളം കുറഞ്ഞാലും കൂടിയാലും അത് തീറ്റ കഴിക്കുന്നതിനെ ബാധിക്കും. ആടുകളുടെ പുറം ഭാഗം അധികം കുഴിഞ്ഞോ പൊങ്ങിയോ ഇരിക്കാൻ പാടുള്ളതല്ല.

ആടുകളെ തിരഞ്ഞെടുക്കുമ്ബോള്‍ അവയുടെ പ്രായം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. പല്ലുകളുടെ എണ്ണം നോക്കി പ്രായം നിര്‍ണയിക്കുന്ന രീതിയാണ് പൊതുവെ അവലംബിക്കപ്പെടുന്നത്. ഒരു വയസ്സാകുമ്ബോള്‍ ആടുകളുടെ പാല്‍പ്പല്ലെല്ലാം കൊഴിഞ്ഞുപോവുകയും പുതിയ പല്ലുകള്‍ വന്നു തുടങ്ങുകയും ചെയ്യും. മുൻപല്ലുകളുടെ ഒന്ന്, രണ്ട്, മൂന്ന്, നാല് ജോഡികള്‍ യഥാക്രമം 15-18, 21-24, 25-28, 29-36 എന്നീ മാസക്കാലയളവില്‍ വരുന്നതാണ്.

കൊമ്ബിലെ വളയങ്ങളുടെ എണ്ണം നോക്കിയും പെണ്ണാടുകളുടെ പ്രായം നിര്‍ണ്ണയിക്കാവുന്നതാണ്. സാധാരണഗതിയില്‍ പശുക്കളിലാണ് ഈ രീതി കൂടുതല്‍ ഫലപ്രദമായിട്ടുള്ളത്. പ്രസവത്തിന്റെ എണ്ണം അനുസരിച്ച്‌ കൊമ്ബില്‍ വളയങ്ങളുണ്ടാകുന്നതാണ്. പ്രസവങ്ങളുടെ എണ്ണം കണക്കാക്കുകവഴി ആടുകളില്‍ ഏകദേശ പ്രായം അറിയാൻ കഴിയും.

ആഭ്യന്തര, അന്തര്‍ദേശീയ വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത് ശാസ്ത്രീയ ആടുവളര്‍ത്തല്‍ പോലെ പ്രധാനമാണ്. എങ്കില്‍ മാത്രമേ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാനും ലാഭമുണ്ടാക്കാനും കഴിയൂ. ആടുകളുടെ വില നിര്‍ണയത്തിന് വ്യക്തവും കൃത്യവുമായ മാനദണ്ഡമില്ലാത്തതുകൊണ്ട് ആടുകളെ വില്‍ക്കാൻ ശ്രമിക്കുന്ന ഒട്ടുമിക്ക കര്‍ഷകര്‍ക്കും അതിന്റെ കൃത്യമായ വില ലഭിക്കുന്നില്ല. കൂടാതെ പല ഇടനിലക്കാരും ആടുകള്‍ക്ക് നിശ്ചയിക്കുന്ന നോക്കുവില കര്‍ഷകര്‍ അര്‍ഹിക്കുന്ന വിലയെക്കാള്‍ ഏറെ താഴെയാണ്. ഈ സ്ഥിതി മാറാനുള്ള ഏക പോംവഴി ആടുകള്‍ക്ക് അതിന്റെ തൂക്കത്തിനനുസൃതമായി വില നിശ്ചയിക്കുക എന്നുള്ളതാണ്. കേരള വെറ്ററിനറി യൂണിവേഴ്സിറ്റി ഫാമുകളിലും മറ്റ് സര്‍ക്കാര്‍ ഫാമുകളിലും ഈ രീതി തന്നെയാണ് അനുവര്‍ത്തിച്ച്‌ പോരുന്നത്.

Back to top button
error: