കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പി.ജയരാജൻ സിബിഐക്ക് കത്തയച്ചു. കെ.സുധാകരൻ പൊലീസിനെ വിരട്ടിയാണ് കേസിൽ എഫ്ഐആർ ഇട്ടതെന്ന ബിആർഎം ഷഫിറിൻറെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ആവശ്യം. ഷുക്കൂർ വധക്കേസിൽ സുധാകരൻ കൃത്രിമ തെളിവുണ്ടാക്കിയും അന്വേഷണ ഏജൻസിയെ സമ്മർദത്തിലാക്കിയും തങ്ങളെ പ്രതിചേർത്തുവെന്നാണ് വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്. അതിനാൽ കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് പി.ജയരാജൻറെ ആവശ്യം.
ഷഫീറിൻറെ പ്രസംഗവും സിബിഐ ഡയറക്ർക്ക് നൽകിയിട്ടുണ്ട്. പ്രസംഗം കേട്ടിട്ടും സുധാകരൻ അത് തളളിപ്പറയാത്തതും ഗുരുതരമെന്ന് കത്തിൽ പറയുന്നു. ഷുക്കൂർ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.ജയരാജനും ടിവി രാജേഷും നൽകിയ അപേക്ഷ സിബിഐ കോടതിയുടെ പരിഗണനയിലാണ്. ഗൂഢാലോചന നടത്തി പ്രതികളാക്കിയെന്ന വാദം കോടതിയിലും ഉന്നയിക്കും. കെ.സുധാകരനെതിരെ തുടരെ കേസുകൾ എടുക്കുന്നതിൽ പ്രതിഷേധിച്ചുളള യോഗത്തിലായിരുന്നു ഷഫീറിൻറെ പ്രസ്താവന. അതിൽപ്പിടിച്ചാണ് ഷുക്കൂർ കേസിൽ തുടരന്വേഷണത്തിനും സുധാകരനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്താനും ആവശ്യമുയർന്നതും.