ഇടുക്കി: ആനച്ചാല്‍ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭര്‍ത്താവായ അന്‍പതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. ഇടുക്കി അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. നാല് കേസുകളിലായി 104 വര്‍ഷം തടവും കോടതി വിധിച്ചു. നാലു ലക്ഷത്തില്‍ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
2021 ഒക്ടോബര്‍ 3ന് പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം. ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകയറി അവരെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി. പിന്നെ ഏഴുവയസ്സുകാരനായ ചെറുമകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അവിടെനിന്നിറങ്ങി ഭാര്യാസഹോദരിയുടെ വീട്ടിലെത്തി അവരെയും ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം 14 വയസുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. വെള്ളത്തൂവല്‍ പോലീസാണ് കേസില്‍ കുറ്റപത്രം സമപ്പിച്ചത്.