ലഖ്‌നൗ: പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട 18കാരിയുടെ തലയറുത്ത് കൊലപ്പെടുത്തി സഹോദരൻ. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തല ഇയാൾ ചാക്കിൽകെട്ടി ഫത്തേപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സഹോദരിയെ കൊലപ്പെടുത്തിയത് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
റിയാസ് (24) എന്നയാളാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 18കാരിയായ ആസിഫ എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് സംഭവം. ഫത്തേപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മിത്‌വാര ഗ്രാമവാസികളാണ് ഇവർ. വീട്ടിൽവെച്ചുണ്ടായ തർക്കം ക്രൂരമായ കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നുവെന്ന് ബരാബങ്കി അഡീഷണൽ പോലീസ് സൂപ്രണ്ട് അശുതോഷ് മിശ്ര പറഞ്ഞു.
ആസിഫയും ചന്ദ് ബാബു എന്നയാളും പ്രണയത്തിലായിരുന്നു. ചന്ദ് ബാബുവിനെ വിവാഹം കഴിക്കണമെന്ന് ആസിഫ വാശിപിടിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. കാമുകനുമായുള്ള ബന്ധം സഹോദരനും കുടുംബവും ശക്തമായി എതിർത്തു. മെയ് 29 ന് ആസിഫയുടെ പിതാവ് അബ്ദുൾ റഷീദ് ചാന്ദ് ബാബുവിനെതിരെ ഐപിസി 366 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരാതിയെത്തുടർന്ന് ചന്ദ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആസിഫ തയ്യാറായില്ല. ചന്ദ് ബാബുവിനെ മാത്രമേ വിവാഹം കഴിക്കൂവെന്ന് വാശിപിടിച്ചു. തുടർന്ന് സഹോദരനുമായി തർക്കത്തിലേർപ്പെട്ടു. തർക്കത്തിനിടെ രോഷാകുലനായ റിയാസ് മൂർച്ചയുള്ള ആയുധമെടുത്ത് ആസിഫയുടെ തലയറുത്ത് കൊലപ്പെടുത്തി. പിന്നീട് അറ്റുവീണ തല ചാക്കിൽ കെട്ടി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയെന്നും പൊലീസ് പറഞ്ഞു.