കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്കാര ചടങ്ങ് നടക്കുന്ന പുതുപ്പള്ളി സെന്‍റ് ജോര്‍ജ് വലിയ പള്ളിയിലെത്തിയാണ് രാഹുല്‍ ഗാന്ധി ആദരാഞ്ജലി അര്‍പ്പിച്ചത്. വള്ളക്കാലിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള വിലാപ യാത്രയിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.
പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള ജനങ്ങളുടെ ഒഴുക്ക് മൂലം പള്ളിയില്‍ പൊതുദര്‍ശനം തുടരുകയാണ്. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിനായി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേക കലറയാണ് ഒരുക്കിയിരിക്കുന്നത്. ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലുകയാണ് ജന്മനാട്. ഉമ്മൻചാണ്ടിയെന്ന നേതാവിനെ കേരളത്തിന് സമ്മാനിച്ച കോട്ടയം, സമാനതകളില്ലാത്ത യാത്രാമൊഴിയാണ് ആ ജനനായകന് നൽകിയത്. തിരുനക്കരയിൽ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്‍റെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തിയത്. കേരളത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമായി പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ തിരുനക്കര ആൾക്കടലായി മാറി. ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി ആയിരക്കണക്കിന് സാധാരണക്കാര്‍ കണ്ണീർപ്പൂക്കൾ സമ്മാനിച്ചു.
28 മണിക്കൂർ എടുത്ത് അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് രാവിലെ 11 നാണ് വിലാപയാത്ര കോട്ടയം തിരുനക്കരയിൽ എത്തിയത്. അക്ഷരാർത്ഥത്തിൽ, മണ്ണ് നുള്ളിയിട്ടാൽ താഴാത്ത ജനസമുദ്രമായിരുന്നു തിരുനക്കരയിലും പുതുപ്പളിയിലേക്കുള്ള വഴിയോരത്തും കാണാന്‍ കഴിഞ്ഞത്. അധികാരത്തെ എന്നും അപരനോടുള്ള കരുണയാക്കിയ നേതാവിനെ യാത്രയാക്കാൻ രാഷ്ട്രീയ നേതാക്കളും താരങ്ങളും തിരുനക്കരയില്‍ കാത്തുനിന്നിരുന്നു. കൈനിറയെ പൂക്കളും മനസ്സ് നിറയെ ഓർമകളുമായി ഇന്നലെ മുതൽ കാത്തുനിൽക്കുകായിരുന്ന ജനക്കൂട്ടം ഒഴുകിക്കയറി. മൂന്നര മണിക്കൂർ നീണ്ട പൊതുദർശനം അധികൃതർ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കണിശതയോടെ അവസാനിപ്പിക്കുമ്പോഴും ഇരട്ടിയോളം ജനം പുറത്ത് ബാക്കിയായിരുന്നു. പുതുപ്പള്ളി തറവാട്ടിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം പുതിയ വീട് പണിയുന്ന സ്ഥലത്തെ പൊതുദര്‍ശനമുണ്ടായി. വീടിലെ പ്രാര്‍ത്ഥനാ ചടങ്ങികള്‍ക്ക് ശേഷം ആയിരങ്ങളുടെ അകമ്പടിയോടെയാണ് ജനനായകന്‍റെ ഭൗതിക ശരീരം പള്ളിയിലേക്ക് എത്തിച്ചത്.