അഹമ്മദാബാദ്: ബി എസ് സി നഴ്സിങ് പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിന് പിന്നിൽ റാക്കറ്റെന്ന് ഗുജറാത്ത് പൊലീസ്. ആർ എസ് എസിന്റെ വിദ്യാർഥി സംഘടനയായ എബിവിപിയുടെ പ്രവർത്തകനും റാക്കറ്റിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്ത് യൂണിവേഴ്സിറ്റി കാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ലോക്കർ റൂമിൽ നിന്ന് നാലാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥികളുടെ 28 ഉത്തരക്കടലാസുകൾ കാണാതായതായി ജൂലൈ 11ന് രാവിലെയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഗുജറാത്ത് സർവകലാശാല ജൂലൈ 10 മുതൽ ജൂലൈ 14 വരെ അഞ്ച് പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ ആറുവരെയായിരുന്നു പരീക്ഷ. ശേഷം ഉത്തരക്കടലാസുകൾ ബോട്ടണി വകുപ്പിന്റെ ലോക്കർ റൂമിൽ കോ-ഓർഡിനേറ്ററായ നൈനേഷ് മോദിയുടെ സാന്നിധ്യത്തിൽ സൂക്ഷിച്ചു. എന്നാൽ ലോക്കറിൽ നിന്ന് 14 വിദ്യാർഥികളുടെ ഉത്തരക്കടലാസ് കാണാതാകുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരളഴിഞ്ഞത്. 14 വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോഴാണ് എബിവിപി പ്രവർത്തകൻ സണ്ണി ചൗധരിയുടെ പങ്ക് വെളിപ്പെട്ടത്. ചൗധരി അഹമ്മദാബാദ് സ്വദേശിയാണ്. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കണ്ടെത്തി ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഗുജറാത്ത് യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വി ജെ ജഡേജ പറഞ്ഞു. സ്ട്രോങ്റൂമിൽ നിന്ന് ഉത്തരക്കടലാസ് പുറത്തെടുക്കാൻ സഹായിക്കുന്നതിനായി ഓരോ വിദ്യാർത്ഥിയിൽ നിന്നും 50,000 രൂപയാണ് ചൗധരി കൈപ്പറ്റിയതെന്ന് പൊലീസ് പറഞ്ഞു. ശരിയായ ഉത്തരങ്ങൾ എഴുതിയ ശേഷം ഉത്തരക്കടലാസുകൾ ലോക്കർ റൂമിൽ തിരികെ വെക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.
അതേസമയം, സണ്ണി ചൗധരിയെ തള്ളിപ്പറഞ്ഞ് എബിവിപി രംഗത്തെത്തി. ഇയാൾക്ക് സംഘടനയുടെ ഭാരവാഹിത്വമൊന്നുമില്ലെന്നും സംഘടനക്ക് ബന്ധമില്ലെന്നും എബിവിപി വിശദീകരിച്ചു. എന്നാൽ, ഇയാൾ ബിജെപി നേതാക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് എൻഎസ്യു തിരിച്ചടിച്ചു.