KeralaNEWS

ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചങ്ങനാശ്ശേരിയിൽ, ജനനായകനെ കാത്ത് ജന്മനാട്, 23 മണിക്കൂർ പിന്നിട്ട് വിലാപയാത്ര

    കോട്ടയം: ഇന്നലെ രാവിലെ ഏഴേകാലോടെ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന്  ആരംഭിച്ച വിലാപയാത്ര ചെങ്ങനാശേരിയിലെത്തി.  23 മണിക്കൂർ എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. വൈകീട്ട് ആറുമണിയോടെ കോട്ടയം ഡി.സി.സി. ഓഫീസിൽ പൊതുദർശനത്തിന് എത്തിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിലാപയാത്ര ക്രമീകരിച്ചിരുന്നത്. എന്നാൽ, ഈ സമയക്രമം പാലിക്കാൻ കഴിഞ്ഞില്ല.  ഡി.സി.സി. ഓഫീസിലെ പൊതുദർശനം കഴിഞ്ഞ് തിരുനക്കര മൈതാനത്തും പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലും പുതുതായി പണികഴിപ്പിക്കുന്ന വീട്ടിലും പൊതുദർശനം നിശ്ചയിച്ചിരുന്നു.

ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനസാഗരത്തിൽ അലിഞ്ഞുതന്നെ.
അർധരാത്രി കഴിഞ്ഞിട്ടും  വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങളാണ്. അർധരാത്രിയിലും മഴയിലും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല.

Signature-ad

  എട്ടു മണിക്കൂറോളം എടുത്താണ് വിലാപയാത്ര തിരുവനന്തപുരം ജില്ല താണ്ടിയത്. വഴിയോരങ്ങളില്‍ ജനലക്ഷങ്ങൾ കാത്തുനില്‍ക്കുന്നതിനാൽ വളരെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലത്തും വാളകത്തും ആയൂരും കൊട്ടാരക്കരയും വൻ ജനക്കൂട്ടമാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. ഉമ്മൻചാണ്ടിയുടെ കുടുംബവും കോൺഗ്രസ് നേതാക്കളും ബസ്സിൽ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. കോട്ടയം തിരുനക്കര മൈതാനത്ത് വൻ ജനാവലിയാണ്  കാത്തുനിൽക്കുന്നത്. ഇവിടെ എത്താൻ ഏഴുമണി കഴിയും. തുടർന്ന് പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും.

ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മൻ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിൻമയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളിൽ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവർ ഒപ്പമുണ്ടായിരുന്നു.

രണ്ടു തവണയായി ആറേമുക്കാൽ വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കർമമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തിൽ മൃതദേഹമെത്തിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദർശനം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ആൾക്കൂട്ടത്തിലലിഞ്ഞായിരുന്നു തലസ്ഥാന നഗരിയിലെ അന്ത്യയാത്ര. പ്രിയനേതാവിനെ അവസാന നോക്കു കാണാനെത്തിയവർ കരഞ്ഞും മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും വിട ചൊല്ലി.

1970 മുതൽ തുടർച്ചയായി 53 വർഷം (12 തവണ) പുതുപ്പള്ളി എംഎൽഎയായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് കൂടുതൽ കാലം നിയമസഭാ സാമാജികനെന്ന റെക്കോർഡ്. 1943 ഒക്ടോബർ 31നു പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനിച്ച ഉമ്മൻ ചാണ്ടി, ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ മുത്തച്ഛൻ വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണു രാഷ്ട്രീയത്തിലെത്തിയത്.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് (വ്യാഴം) 3.30-ന് ആണ് സംസ്‌കാരം. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പുതുപ്പള്ളിയിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എത്തും.

അതേസമയം, ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങൾ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

Back to top button
error: