ന്യൂഡൽഹി: പത്ത് വയസുകാരിയെ വീട്ടുജോലിക്ക് നിയോഗിക്കുകയും മോഷണം ആരോപിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്‍തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി ഇന്റിഗോ വിമാനക്കമ്പനി. കുട്ടിയെ ഉപദ്രവിച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഇവരെ നാട്ടുകാർ മർദിച്ചിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‍തു. അതേസമയം സംഭവത്തിന്റെ വിശദാംശങ്ങളൊന്നും പ്രതിപാദിക്കാതെയാണ് വിമാനക്കമ്പനിയുടെ അറിയിപ്പ്.
ഇന്റിഗോയുടെ ഒരു ജീവനക്കാരിക്കെതിരായ ആരോപണങ്ങളുമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായും സംഭവത്തിൽ തങ്ങൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇന്റിഗോ വക്താവ് അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‍തു. ഈ സാഹചര്യത്തിൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. പത്ത് വയസുകാരിയെ വീട്ടുജോലിക്ക് നിർത്തിയതിനും കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിനും കൗശിക് ബഗ്ചി (36), പൂർണിമ ബഗ്ചി (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ പൂർണിമ സ്വകാര്യ വിമാന കമ്പനിയിൽ പൈലറ്റാണെന്നും കൗശിക് മറ്റൊരു വിമാന കമ്പനിയിലെ ഗ്രൗണ്ട് സ്റ്റാഫ് അംഗമാണെന്നും പൊലീസ് അറിയിച്ചു.
ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. യൂണിഫോമിൽ നിൽക്കുന്ന പൈലറ്റിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് മർദിക്കുന്നതും അത് തടയാനെത്തിയ ഭർത്താവിനെയും ആളുകൾ തല്ലുന്നതും പുറത്തുവന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം. രണ്ട് മാസം മുമ്പാണ് ദമ്പതികൾ പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയെ വീട്ടു ജോലിക്ക് നിയോഗിച്ചത്. ഏതാനും ദിവസം മുമ്പ് കുട്ടിയെ ഒരു ബന്ധു കണ്ടപ്പോൾ കൈയിൽ ക്രൂരമായ മർദനമേറ്റ അടയാളങ്ങൾ കണ്ട് പൊലീസിൽ വിവരമറിയിച്ചു. മോഷണം ആരോപിച്ച് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടുകയും കുട്ടിയുടെ കൈയിലെ വലിയ മുറിവുകൾ കണ്ട് പ്രകോപിതരായി ദമ്പതികളെ കൈയേറ്റം ചെയ്യുകയുമായിരുന്നു.
രണ്ട് മാസം മുമ്പാണ് ദമ്പതികൾ പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയെ വീട്ടു ജോലിക്ക് നിയോഗിച്ചത്. ഏതാനും ദിവസം മുമ്പ് കുട്ടിയെ ഒരു ബന്ധു കണ്ടപ്പോൾ കൈയിൽ ക്രൂരമായ മർദനമേറ്റ അടയാളങ്ങൾ കണ്ട് പൊലീസിൽ വിവരമറിയിച്ചു. മോഷണം ആരോപിച്ച് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടുകയും കുട്ടിയുടെ കൈയിലെ വലിയ മുറിവുകൾ കണ്ട് പ്രകോപിതരായി ദമ്പതികളെ കൈയേറ്റം ചെയ്യുകയുമായിരുന്നു.