NEWSWorld

  ‘അവസാനനാളുകളിൽ ഉമ്മൻചാണ്ടിക്ക് ആവശ്യമായ പ്രധാന മരുന്നുകൾ   എത്തിയത് ആസ്‌ട്രേലിയയിൽ നിന്ന്…’ പള്ളിക്കത്തോട് സ്വദേശി റോബർട്ടിന്റെ ഫെയിസ് ബുക്ക്‌ പോസ്റ്റ് വൈറൽ

അവസാന നാളുകളിൽ ഉമ്മൻ‌ചാണ്ടിയുടെ ചികിത്സക്ക് ആവശ്യമായ പ്രധാന മരുന്നുകൾ ആസ്‌ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു എന്ന് വെളിപ്പെടുത്തൽ. ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന കോട്ടയം പള്ളിക്കത്തോട് സ്വദേശി റോബർട്ടിന്റെ ഫെയിസ് ബുക്ക്‌ പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ആവശ്യപ്പെട്ടത് പ്രകാരം ചികത്സക്ക് ആവശ്യമായ മുന്തിയ മരുന്നുകൾ ആസ്‌ട്രേലിയയിലെ ഫർമസിയിൽ നിന്ന് നേരിട്ട് നാട്ടിലേക്ക് കയറ്റിവിട്ടത് സംബന്ധിച്ച റോബെർട്ടിന്റെ ഫെയിസ് ബുക്ക്‌ പോസ്റ്റ്‌ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആണ്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് ആസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് താമസിക്കുന്നത്. ഫെയിസ് ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:

Signature-ad

‘മാർച്ച്‌ മാസം അഞ്ചിന് രാവിലെ ഒരു കോൾ വന്നു. ഉമ്മൻ ചാണ്ടി സാറിന്റെ മകൾ മരിയ ആയിരുന്നു ഫോണിൽ:
” അപ്പക്ക് ഡോക്ടർ എഴുതിയ ഒരു മരുന്നുണ്ട്. ആ മരുന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു  മരുന്നാണ്. അത് ആസ്‌ട്രേലിയയിലെ മെൽബണിൽ ഉള്ള ഒരു ഫാർമസിയിൽ ആണ് ഉള്ളത്. നാളെ വൈകുന്നേരം എങ്കിലും അത് ബാംഗ്ലൂരിൽ ലഭിക്കണം. ചികത്സക്ക് ഏറ്റവും അത്യാവശ്യം ഉള്ള മരുന്നാണ് എങ്ങനെയും എത്തിക്കണം.”

ചെറിയ ടാസ്ക് അല്ല. ഇന്ത്യയിലെ പോലെ നേരെ ചെന്നാൽ മരുന്ന് കിട്ടില്ല. സാധാരണ ഫർമസിയിൽ പോലും മരുന്ന് ലഭിക്കുവാൻ ഇവിടെ ഒരുപാട് കടമ്പകൾ കടക്കണം. പക്ഷെ എന്റെ ഈ ആശങ്ക ഞാൻ മരിയയോട് പങ്കു വച്ചില്ല. കാരണം സ്വന്തം  പിതാവിന്റെ ചികിത്സയ്ക്ക് ലഭ്യമായ   ഏറ്റവും നല്ല ഔഷധം എവിടെ നിന്നും  ഞങ്ങൾ അറേൻജ് ചെയ്യും എന്ന ചെറുതല്ലാത്ത വിശ്വാസം ആണ്  മരിയയ്ക്കുള്ളത് എന്ന് അറിയാം.

മരുന്ന് സംഘടിപ്പിച്ചാലും ഏറ്റവും അടുത്ത ഫ്ളൈറ്റിൽ യാത്ര ചെയ്യുന്ന ആരെങ്കിലും അത് കൊണ്ട് പോകാൻ തയ്യാറാവണം.

ആദ്യ അന്വേഷണത്തിൽ അന്നോ പിറ്റേന്ന് രാവിലെയോ യാത്ര ചെയ്യുന്ന ആരെയും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. പെട്ടന്നാണ്  അടുത്ത സുഹൃത്തായ റോണിയെ ഓർമ്മ വന്നത്.

ഫ്ലൈവേൾഡ് ട്രാവൽ ഗ്രൂപ്പിന്റെ ചെയർമാനാണ്. കേരളത്തിലേക്കുള്ള എല്ലാ ഫ്ളൈറ്റിലും ആസ്‌ട്രേലിയയിൽ നിന്ന് അവർക്ക് ഒരു കസ്റ്റമർ എങ്കിലും ഉണ്ടാവും.

എന്റെ പ്രതീക്ഷ തെറ്റിയില്ല.

മെൽബണിൽ നിന്നും യാത്ര ചെയ്യുന്ന അഞ്ചു പേരുടെ കൊണ്ടാക്ട് റോണി തന്നു. പകുതി ആശ്വാസമായി. ഇനി ആ മരുന്ന് സംഘടിപ്പിക്കണം.

ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്റെ ഫോട്ടോ മാത്രം ആണ് കയ്യിൽ. മെൽബണിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള  ഫാർമസിയിലാണ് മരുന്ന് ലഭ്യമാക്കുക. പക്ഷേ ഫാർമസി അടയ്ക്കാൻ കേവലം ഒരു മണിക്കൂർ മാത്രം. ഒട്ടും അമാന്തിച്ചില്ല.. ആസ്‌ട്രേലിയൻ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രസിഡന്റും മെൽബൺ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ മദനൻ ചെല്ലപ്പനെ വിളിച്ച് കാര്യം പറഞ്ഞു. എങ്ങനെയും സംഘടിപ്പിക്കാം എന്ന് അദ്ദേഹം ഏറ്റു.

ഏതോ സിനിമയുടെ ക്ലൈമാക്സ് സീൻ  കാണുന്നത് പോലെ ആണ് മദനൻ പിന്നെ പ്രവർത്തിച്ചത്. പറഞ്ഞ സമയം കൊണ്ട് മരുന്നും സംഘടിപ്പിച്ച്, മെൽബണിൽ നിന്ന് യാത്ര ചെയ്യുന്ന മലയാളിയെയും സംഘടിപ്പിച്ച് അദ്ദേഹമെത്തി. പറഞ്ഞ സമയത്ത് തന്നെ മരുന്ന് നാട്ടിൽ എത്തിച്ചു.

അന്ന് തുടങ്ങി കഴിഞ്ഞ മാസം വരെയും മുടങ്ങാതെ അത് ഇവിടെ നിന്നും ഏകോപിപ്പിച്ച് നാട്ടിൽ എത്തിച്ചു.

ഓർമ്മ വച്ച കാലം മുതൽ ഉമ്മൻചാണ്ടി സാറിന്റെ പല ഉപകാരങ്ങളും ലഭിച്ചു പോന്ന ഞങ്ങൾക്ക് അദ്ദേഹത്തിന് വേണ്ടി അവസാനകാലത്ത് അത്രയെങ്കിലും ചെയ്യാനായല്ലോ…

ദൈവത്തിന് നന്ദി

Back to top button
error: