കട്ടപ്പന:ശാന്തിഗ്രാം – ഇടിഞ്ഞമല – കമ്ബനിപ്പടി – പള്ളിക്കാനം റോഡ് തുറന്നു.2018ലെ മഹാപ്രളയത്തില്‍ തകര്‍ന്ന റോഡ് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 5.58 കോടി ചെലവഴിച്ചാണ് ബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
7.55 കിലോമീറ്റര്‍ 3.75 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും ഐറിഷ് ഓടകളും ഇടിഞ്ഞമല കമ്ബനിപ്പടിയിലും ശാരദപ്പാറപ്പടിയിലുമായി കലുങ്കുകളും ഉള്‍പ്പെടെയാണ് നിര്‍മാണം.
കുടിയേറ്റ കാലത്തോളം പഴക്കമുള്ള പാത ഇരട്ടയാര്‍ പഞ്ചായത്തിലെ ചെമ്ബകപ്പാറ, ഇരട്ടയാര്‍ നോര്‍ത്ത്, ശാന്തിഗ്രാം, ഇടിഞ്ഞമല വാര്‍ഡുകളിലൂടെ കടന്നുപോകുന്നു. ശാന്തിഗ്രാമില്‍നിന്ന് എളുപ്പത്തില്‍ പ്രകാശില്‍ എത്തിച്ചേരാൻ കഴിയുന്ന റോഡ് നിരവധി കുടുംബങ്ങളുടെ ആശ്രയമാണ്.
എം എം മണിയുടെ ഇടപെടലിലാണ് റോഡ് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്. 2022 ജനുവരിയില്‍ റോഡ് നിര്‍മാണം തുടങ്ങി, ഡിസംബര്‍ 22 ഓടെ ടാറിങ് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച ഐറിഷ് ഓട നിര്‍മാണം, മാര്‍ക്കിങ് ജോലികള്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ചു. ഞായറാഴ്ച എം എം മണി എംഎല്‍എ റോഡ് ഉദ്ഘാടനം ചെയ്തു.