CrimeNEWS

മണർകാട് ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; യുവാക്കള്‍ അറസ്റ്റിൽ

മണർകാട്: ബാർ ജീവനക്കാരനായ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ ചീനിക്കുഴി ഭാഗത്ത് ചോരാറ്റിൽ വീട്ടിൽ ഷിജോ സണ്ണി (27), വിജയപുരം പാറമ്പുഴ ചീനിക്കുഴി ഭാഗത്ത് പാഞ്ചേരിപറമ്പിൽ വീട്ടിൽ സുമേഷ് മോഹൻ (35) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി മണർകാട് സ്വദേശിയായ ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സുഹൃത്തിന് ഒപ്പം ജോലി കഴിഞ്ഞു മടങ്ങിയ ഇവരുടെ ബൈക്ക് മണർകാട് കവല ഭാഗത്ത് വച്ച് യുവാക്കള്‍ തടഞ്ഞുനിർത്തി കമ്പി വടി ഉപയോഗിച്ച് മധ്യവയസ്കന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും ഇവർ ആക്രമിച്ചു. തുടർന്ന് ഇവർ സംഭവ സ്ഥലത്ത് നിന്നും കടന്നു കളയുകയും ചെയ്തു.

സംഭവ ദിവസം മധ്യവയസ്കൻ ജോലി ചെയ്തിരുന്ന ബാറിലെ ജീവനക്കാരും യുവാക്കളും തമ്മില്‍ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇവരെ ബാറിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് രാത്രിയിൽ ജോലികഴിഞ്ഞ് മടങ്ങിയ അതേ ബാറിലെ ജീവനക്കാരനായ ഇയാളെ ആക്രമിക്കുന്നത്. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. ഷിജോ സണ്ണിക്ക് അയർക്കുന്നം, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ അഖിൽദേവ്, എ.എസ്.ഐ ഇന്ദുകലാ ദേവി, സി.പി.ഓ മാരായ പത്മകുമാർ, പ്രവീൺ, ലിജോ എം.സക്കറിയ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Back to top button
error: