ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (23) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് പെൺകുട്ടിയുടെ ദൃശ്യം പകർത്തിയ സമയത്ത് പെൺകുട്ടി ബഹളം വയ്ക്കുകയും, വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹോട്ടൽ ജോലിക്കാരനായ ഇയാൾ സുഹൃത്തിന്റെ ചികിത്സയ്ക്ക് ആശുപത്രിയിൽ സഹായിയായി എത്തിയതായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ,എസ്.ഐ പ്രദീപ് ലാൽ,മാർട്ടിൻ അലക്സ്,സി.പി.ഓ മാരായ ജസ്റ്റിൻ ജോയ്, ബാബു മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.